ലബനാൻ - ഇസ്രയേൽ അതിർത്തിയിലെ സൈനിക നീക്കം നിർത്തിവെക്കണം ; അന്താരാഷ്ട്ര സമൂഹം ഇടപെടണം , ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം
ലബനാൻ, ഇസ്രായേൽ അതിർത്തിയിൽ സൈനിക നീക്കങ്ങൾ മരവിപ്പിക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. ലബനാൻ ഭരണാധികാരികളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശമനുസരിച്ച് ബന്ധപ്പെടുകയും സൈനിക നീക്കങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ലബനാനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും സമാധാനമാർഗേണ മുന്നോട്ടു പോകണമെന്നുമാണ് ബഹ്റൈന്റെ ആവശ്യം.
മേഖലയിൽ യുദ്ധ സമാന സാഹചര്യം ശക്തമാക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.എൻ രക്ഷാസമിതിയുടെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.