ഓൺലൈൻ തട്ടിപ്പുകളിൽ പുതിയ രീതികൾ പരീക്ഷിക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ബഹ്റൈൻ ഭരണകൂടം. സർക്കാർ സംവിധാനങ്ങൾ എന്ന വ്യാജേന യൂനിഫോമണിഞ്ഞ പ്രൊഫൈലുകളിൽ നിന്ന് കാൾ വരുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഫോൺ ഉടമയുടെ പേരും മറ്റും പറഞ്ഞ ശേഷം സി.പി.ആർ വിവരങ്ങൾ ചോദിക്കുകയും വിഡിയോ കോൾ എടുക്കാൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം വിഡിയോ കോളുകൾ എടുക്കരുതെന്ന് അധികൃതരും സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ, പൊലീസ് എന്നു പറഞ്ഞ് വിളിക്കുന്നവരോട് ഓഫിസിൽ നേരിട്ടെത്താമെന്ന് പറയുമ്പോൾ ഇവർ ഫോൺ കട്ട് ചെയ്ത് പോകും. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് എ.ടി.എം കാർഡ് ബ്ലോക്കായെന്നും ബനിഫിറ്റ് പേ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങൾ പരക്കെ വന്നിരുന്നു. വ്യാജ ലിങ്കുകൾ അയച്ച് അതിൽ ക്ലിക്ക് ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഫോണിൽ മെസേജ് വന്നിരുന്നത്. അടുത്തിടെ തപാലിൽ നിങ്ങൾക്ക് വന്ന പാക്കേജിലെ വിലാസം ശരിയല്ലെന്നും താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞ് പലർക്കും മെസേജുകൾ വരുന്നുണ്ട്.
തട്ടിപ്പുകൾ സംബന്ധിച്ച് ചിത്രസഹിതം അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തട്ടിപ്പ് രീതി സംബന്ധിച്ച് വാർത്തകളും മുന്നറിയിപ്പുകളും വന്നതോടെ പുതുരീതികൾ അവലംബിക്കുകയാണ് തട്ടിപ്പുകാർ.