നാലാമത് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) സമ്മേളനം സമാപിച്ചു. സമ്മേളനവും മെഡിക്കൽ എക്സിബിഷനും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
‘ബഹ്റൈൻ, മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന പ്രമേയത്തിലാണ് ബി.ഡി.എ കോൺഫറൻസസുമായി സഹകരിച്ച് എൻ.എച്ച്.ആർ.എ ഗൾഫ് ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചത്.
ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ മേഖല, മെഡിക്കൽ ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ഇവന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മെഡിക്കൽ വിജ്ഞാനവും മികച്ച സമ്പ്രദായങ്ങളും കൈമാറ്റം ചെയ്യുക, ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെ ഇതുമായി ബന്ധപ്പെടുത്തുക, മെഡിക്കൽ ടൂറിസം, ആരോഗ്യ വിദ്യാഭ്യാസം, നിക്ഷേപം, ഡാറ്റ സംരക്ഷണം, മെഡിക്കൽ അക്രഡിറ്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. കോൺഫറൻസിൽ മെഡിക്കൽ സേവനങ്ങളുടെയും ഉൽപന്നങ്ങളുടേയും പ്രദർശനവും നടന്നു.