ബഹ്റൈൻ റോയൽ മറൈൻ ഫോഴ്സിനുവേണ്ടി വാങ്ങിയ ഖാലിദ് ബിൻ അലി സൈനിക കപ്പൽ ബഹ്റൈൻ തീരമണഞ്ഞു. ബി.ഡി.എഫ് കമാൻഡർ ചീഫ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകി. റോയൽ ബഹ്റൈൻ നേവൽ ഫോഴ്സിന്റെ (ആർ.ബി.എൻ.എഫ്) കീഴിലുള്ള സൽമാൻ മറൈൻ പോർട്ടിലാണ് കപ്പൽ നങ്കൂരമിട്ടിട്ടുള്ളത്.
ചടങ്ങിൽ പ്രതിരോധ കാര്യ മന്ത്രി മേജർ ജനറൽ അബ്ദുല്ല ബിൻ ഹസൻ അന്നുഐമി, ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ദിയാബ് ബിൻ സഖർ അന്നുഐമി എന്നിവരും ഉയർന്ന സൈനിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സായുധ സേനയുടെ പരമോന്നത കമാൻഡറായ ഹമദ് രാജാവ്, കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ആർ.ബി.എൻ.എഫ് കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് ഇബ്രാഹിം അൽ ബിനാലി ആശംസകൾ അറിയിച്ചു.
ബഹ്റൈനിന്റെ തീരം സുരക്ഷിതമാക്കുന്നതിലും മേഖലയിലെ ഭീഷണികളെ നേരിടാനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നതിലും തങ്ങളുടെ കടമ നിർവഹിക്കുന്നതിലുള്ള ആർ.ബി.എൻ.എഫിന്റെ സമർപ്പണത്തെ കമാൻഡർ-ഇൻ-ചീഫ് പ്രശംസിച്ചു.