അനധികൃത മാർഗത്തിലൂടെ ഹജ്ജ് തീർത്ഥാടനത്തിനെത്തി ; 200 ബഹ്റൈനികളെ തിരിച്ചയച്ച് സൗദി അധികൃതർ
അനധികൃത മാർഗങ്ങളിലൂടെ ഹജ്ജ് തീർഥാടനത്തിനെത്തിയ 200 ഓളം ബഹ്റൈനികൾക്ക് സൗദി അധികൃതർ മക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ഇവരെ ഇന്നലെ ബഹ്റൈനിലേക്ക് തിരിച്ചയച്ചു. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതിയില്ലാത്ത ഹജ്ജ് ഗ്രൂപ്പിലൂടെയാണ് ഇവർ ഹജ്ജിനു പോയത്. ലൈസൻസില്ലാത്ത ഏതെങ്കിലും ഹജ്ജ് സംഘത്തിൽ ചേരുകയോ അനുമതിയില്ലാതെ യാത്ര ചെയ്യുകയോ അരുതെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലം വീണ്ടും മുന്നറിയിപ്പു നൽകി. സൗദി അധികാരികൾ നൽകുന്ന സാധുതയുള്ള പെർമിറ്റ് ഉപയോഗിച്ച് മാത്രമേ ഹജ്ജ് ചടങ്ങുകൾ നടത്താൻ കഴിയൂ.
അനധികൃത ഹജ്ജ് ഗ്രൂപ് സംഘാടനം നടത്തിയ ഒരു വ്യക്തിയെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്യുകയും 10,000 ദീനാർ പിഴ വിധിക്കുകയും ചെയ്തിരുന്നു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിൽ നിന്നുള്ള പരാതി പ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞവർഷം വിശുദ്ധ സ്ഥലങ്ങളിൽ വെച്ച് രണ്ട് ബഹ്റൈനികൾ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അനുമതിയില്ലാത്ത ഹജ്ജ് ഗ്രൂപ്പിലൂടെയാണ് ഇവർ ഹജ്ജിന് പുറപ്പെട്ടതെന്ന് മനസ്സിലാവുകയും ഇതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ ശിപാർശ നടത്തുകയും ചെയ്തത്.