പ്രവാസി തൊഴിലാളികൾക്ക് എയർപോർട്ടിൽ വെച്ചു തന്നെ ബാങ്ക് അക്കൗണ്ട് നൽകാൻ തീരുമാനം
തൊഴിൽ വിസയിലെത്തുന്നവർക്ക് എയർപോർട്ടിൽവെച്ച് തന്നെ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) നൽകാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി തീരുമാനം. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനുമായും സ്വകാര്യ ബാങ്കുകളുമായും ചേർന്നാണ് ഇത് വിതരണം ചെയ്യുന്നത്. രാജ്യത്തെത്തുന്ന ഓരോ തൊഴിലാളിക്കും അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ഇതോടെ ലഭ്യമാകും. ഉടൻ പദ്ധതി നിലവിൽ വരുമെന്നാണ് എൽ.എം.ആർ.എ അറിയിച്ചിരിക്കുന്നത്.
ശമ്പളം ബാങ്കിലൂടെ മാത്രമാണ് നൽകുന്നതെന്ന് ഉറപ്പാക്കുക, തൊഴിലാളികളുടെ വേതനം ഇ-പേമെന്റായി നൽകാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുക, പേമെന്റ് രേഖകൾ കൃത്യമാണെന്ന് ഉറപ്പാക്കുക, ശമ്പള തർക്കങ്ങൾ കുറക്കുക, വ്യവഹാര നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.
ഈ മാസം മുതൽ രാജ്യത്തെത്തുന്ന മുഴുവൻ പ്രവാസി തൊഴിലാളികൾക്കും എയർ പോർട്ടിൽ നിന്ന് തന്നെ ഐബാൻ നമ്പർ ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് നിബ്റാസ് മുഹമ്മദ് താലിബ് വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്ക് ബോർഡ് എൽ.എം.ആർ.എ വെബ്സൈറ്റ് www.lmra.gov.bh സന്ദർശിക്കുക. അല്ലെങ്കിൽ ബോർഡ് കാൾ സെന്ററിൽ 17506055 വിളിക്കുക.