സംഘർഷങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് ബഹ്റൈൻ പിന്തുണ നൽകും ; ഹമദ് രാജാവ്
മേഖലയിൽ സംഘർഷങ്ങൾ തടയാനും ക്ഷേമവും വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ അടിയന്തര ആവശ്യകതയാണ്.
ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം. ലെബനാനിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സാഖീർ കൊട്ടാരത്തിൽ സ്വീകരിച്ച വേളയിലാണ് ഹമദ് രാജാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് പ്രഥമ ഡെപ്യൂട്ടി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് മിനിസ്റ്റർ ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
യോഗം പ്രാദേശിക കാര്യങ്ങൾ ചർച്ച ചെയ്യുകയും രാജ്യം എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങളും അവലോകനം ചെയ്തു. പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച നടന്നു.
വിവിധ മേഖലകളിലെ വർധിച്ചുവരുന്ന വളർച്ചക്ക് അനുസൃതമായി പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിൽ കിരീടാവകാശിയുടെ അർപ്പണമനോഭാവത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.