അന്റാലിയ ഡിപ്ലോമാറ്റിക് ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ രക്ഷാധികാരത്തിൽ നടന്ന ഉദ്ഘാടന സെഷനിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ പങ്കെടുത്ത് സംസാരിച്ചു. സമാധാനവും ശാന്തിയും അന്താരാഷ്ട്രതലത്തിൽ സാധ്യമാക്കാനും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഫലസ്തീൻ പ്രശ്നം രമ്യമായി പരിഹരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നയതന്ത്ര കാഴ്ചപ്പാടുകളും ബഹ്റൈന്റെ ഫലസ്തീൻ നിലപാടും പ്രത്യേകം ശ്രദ്ധേയമാണ്. ഫലസ്തീനികളുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കാനും കഴിയേണ്ടതുണ്ട്.ഫലസ്തീൻ വിദേശകാര്യ മന്ത്രി ഡോ. റിയാദ് അൽ മാലികി, ലബനോൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൂ ഹബീബ്, അറബ് ലീഗ് അസി. സെക്രട്ടറി ജനറൽ ഹുസ്സാം സകി എന്നിവരടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.