ബഹ്റൈനിൽ പുരാതന മൺപാത്ര ശേഖരണ പദ്ധതി ; 500 വർഷം പഴക്കമുളള പുരാവസ്തുക്കൾ കണ്ടെത്തി
അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ (ബാക്ക) പുരാതന മൺപാത്ര ശേഖരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിൽ ബഹ്റൈൻ ഫോർട്ടിനടുത്തുനിന്ന് 500 വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. പൗരന്മാർക്കും താമസക്കാർക്കും ആർക്കിയോളജിയിൽ താൽപര്യം ജനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാക്ക ‘പുരാതന മൺപാത്ര ശേഖരണം’ പ്രവർത്തനം തുടങ്ങിയത്. 2022 ൽ ആരംഭിച്ച ‘ഫ്രണ്ട്സ് ഓഫ് ആർക്കിയോളജി’ പബ്ലിക് ഔട്ട്റീച്ച് പ്രോഗ്രാമും അതിന്റെ ഭാഗമായ ‘ദി ലിറ്റിൽ ആർക്കിയോളജിസ്റ്റും’ ഉൾപ്പെടുന്നതാണിത്. കുട്ടികളെ പുരാവസ്തു സൈറ്റുകളിലേക്ക് ക്ഷണിക്കുകയും പുരാവസ്തുക്കൾ എങ്ങനെ ഖനനം ചെയ്യാമെന്നും പുനഃസ്ഥാപിക്കാമെന്നും സംരക്ഷിക്കാമെന്നും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്.
അതിന്റെ ഭാഗമായാണ് ബഹ്റൈൻ ഫോർട്ടിനടുത്ത് വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കുവേണ്ടി നടത്തിയ ഗവേഷണം നടത്തിയത്. ഖനനത്തിനിടെ കുഴിച്ചിട്ട നിലയിൽ നിരവധി പുരാവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. പുരാതന ചൈനീസ് പാത്രങ്ങളാണ് കണ്ടെത്തിയതെന്ന് പുരാവസ്തു ഡയറക്ടർ ജനറൽ ഡോ. സൽമാൻ അൽ മഹാരി പറഞ്ഞു.
നാണയങ്ങളും വർണാഭമായ ചില്ലുകളുടെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. പുരാവസ്തുക്കൾ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിലേക്ക് മാറ്റിയിട്ടുണ്ട്.ഫോർട്ടിൽനിന്ന് 250 മീറ്റർ അകലെയാണ് ഖനനം നടത്തിയത്. പഴയ കാലഘട്ടത്തിലെ നിരവധി കെട്ടിടാവശിഷ്ടങ്ങളും പുരാവസ്തുക്കളും ഇവിടെനിന്ന് കണ്ടെത്തി. കൂടുതൽ പഠനങ്ങൾക്കായി കണ്ടെത്തലുകൾ മ്യൂസിയം വിദഗ്ധർക്ക് കൈമാറും. സ്വദേശികൾക്കു പുറമെ ആസ്ത്രേലിയൻ, ഇന്ത്യൻ പുരാവസ്തു കുതുകികളും പരിപാടിയുടെ ഭാഗമായി.