ബഹ്റൈനിൽ ഈ വർഷം ഇതുവരെ 1,189 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വീടുകൾ, വെയർഹൗസുകൾ, വാഹനങ്ങൾ എന്നിവിടങ്ങളിലുണ്ടായ തീപിടിത്തങ്ങളടക്കമാണിത്. അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടത് ചൂടുകാലത്ത് അത്യാവശ്യമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ പൈലറ്റ് അലി അൽ-കുബൈസി പറഞ്ഞു.
ഉയർന്ന വേനൽക്കാല താപനില കണക്കിലെടുത്ത്, പൗരന്മാരും താമസക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. വീടുകളിലും കെട്ടിടങ്ങളിലും തീപിടിത്തമുണ്ടാകാനുള്ള പ്രധാനകാരണം അശ്രദ്ധയാണ്. വൈദ്യുതോപകരണങ്ങളും ലൈറ്ററുകളും തീപ്പെട്ടികളും കുട്ടികൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങളും വൈദ്യുതി കണക്ഷനുകളും ഇടക്കിടെ പരിശോധനക്ക് വിധേയമാക്കണം. അറ്റകുറ്റപ്പണികളും യഥാസമയം ചെയ്യണം. ഇലക്ട്രിക്കൽ സർക്യൂട്ടുകൾക്ക് അമിത ലോഡ് കൊടുക്കരുത്. ഗ്യാസ് സിലിണ്ടറുകളും ശരിയായി പരിപാലിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ വേണം അവ സൂക്ഷിക്കാൻ. അഗ്നിശമന ഉപകരണങ്ങൾ വീട്ടിലും വാഹനങ്ങളിലും കരുതണമെന്നും അദ്ദേഹം നിർദേശിച്ചു. ഈ വർഷം ഇതുവരെ വാഹനങ്ങൾക്ക് മാത്രം തീപിടിച്ച സംഭവങ്ങൾ 402 എണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാറിനുള്ളിൽ ബാറ്ററികൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ പോലെ എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കരുത്. തീപിടിത്തം തടയാൻ കാറിന്റെ ഗ്ലാസുകൾ ചെറുതായി തുറന്നുവെക്കുന്നത് നല്ലതാണ്.
തീപിടിത്തം കണ്ടാലുടൻ എയർ കണ്ടീഷൻ അടക്കം വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യണം. സുരക്ഷാ സംവിധാനങ്ങളും മുൻകൂർ മുന്നറിയിപ്പ് ഉപകരണങ്ങളായ കാമറകളും അലാറങ്ങളും സ്ഥാപിക്കാനും ശ്രദ്ധിക്കണം. പൊതു അവബോധമുണ്ടാക്കാനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വേനൽക്കാലത്ത് വിവിധ ബോധവത്കരണ പരിപാടികളും ക്യാമ്പയിനുകളും നടത്തുന്നുണ്ട്. പരിശീലന കോഴ്സുകൾ, ശിൽപശാലകൾ എന്നിവയും നടത്തുന്നു. ആരാധനാലയങ്ങൾ, നീന്തൽക്കുളങ്ങൾ, വാണിജ്യ വ്യാവസായിക സ്ഥാപനങ്ങൾ, ഷെയർഡ് ഹോംസ്, വാഹനങ്ങൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയുടെ സുരക്ഷയെക്കുറിച്ച് പ്രത്യേകമായ കാമ്പയിനുകളും നടത്താറുണ്ട്.