തന്റെ പ്രണയിനിയെ കുറിച്ച് നടന്‍ ആമിര്‍ ഖാന്‍ വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ് ആരാധകരും പാപ്പരാസികളും. തങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് ജീവിക്കുകയാണെന്നും ആമിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലോടെ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ബഹളങ്ങള്‍ക്കും മറ്റും താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായും താരം വ്യക്തമാക്കുകയുണ്ടായി. 60-ാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായായിരുന്നു ആമിര്‍ തന്റെ ജീവിത പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇപ്പോള്‍ ഈ ബന്ധം പരസ്യമാക്കാന്‍ എന്താണ് പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ നടന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍ പ്രണയത്തിലാണ്, അത് നിങ്ങളോട് പറയാന്‍ പരസ്പരം സുരക്ഷിതരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മറച്ചുവെക്കേണ്ടിവരില്ല’.
ഒരു പബ്ലിക് ഫിഗറായതോട് കൂടി ഗൗരിക്ക് സെക്യൂരിറ്റിയെ ചുമതലപ്പെടുത്തുമോ എന്നതിനും താരം മറുപടി നല്‍കി. താന്‍ ഇതിനോടകം തന്നെ അത് ചെയ്തിട്ടുണ്ട്. പക്ഷേ അത് വ്യക്തിപരമായ സമാധാനത്തിന് വേണ്ടിയാണെന്നും ആമിര്‍ പറഞ്ഞു.
നിലവില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ബെംഗളൂരു സ്വദേശിയായ ഗൗരി ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സില്‍ നിന്ന് FDA സ്‌റ്റൈലിങ് ആന്റ് ഫോട്ടോഗ്രഫിയില്‍ നിന്ന് ഫാഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ബിബിബ്ലെന്‍ഡ് സലോണിന്റെ ബിസിനസ് പങ്കാളിയായും കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്നും അവരുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നു. ഗൗരിയുടെ ആറു വയസ്സുള്ള മകനൊപ്പമാണ് ഇരുവരും നിലവില്‍ താമസിക്കുന്നതെന്ന് ആമിര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ വസതിയില്‍ വെച്ച് സല്‍മാനും ഷാറൂഖിനും തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി എന്നറിയിച്ച ആമിര്‍, സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തോട് തീരെ താത്പര്യമില്ലാത്ത ഗൗരി തന്റെ ദങ്കല്‍, ലഗാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് കണ്ടിട്ടുളളതെന്നും പറഞ്ഞു.