വേനല്‍ക്കാലമാണ് ഇനി. മുടിക്ക് വളരെ ശ്രദ്ധ വേണ്ടുന്ന ഒരു സമയമാണിത്. കഠിനമായ ചൂടും ഈര്‍പ്പവും മുടി വരണ്ടതാകാനും കേടുപാടുകള്‍ വരുത്താനും കാരണമാകും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചില പ്രധാന നുറുങ്ങുകള്‍ ഇതാ.
ജലാംശം
മുടിയില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ധാരാളം വെള്ളം കുടിക്കുകയും ജലാംശം നല്‍കുന്ന ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുകയും ചെയ്യുക. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും മുടി വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുക
വേനല്‍ക്കാലത്തെ കടുത്ത സൂര്യരശ്മികള്‍ മുടിക്ക് ദോഷം ചെയ്യും. പുറത്തുപോകുമ്പോള്‍ തൊപ്പിയോ സ്‌കാര്‍ഫോ ധരിക്കുക. നിങ്ങളുടെ മുടി കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ യുവി സംരക്ഷണമുള്ള ഉല്‍പ്പന്നങ്ങളും മുടിയില്‍ ഉപയോഗിക്കാം.
ഹീറ്റ് സ്‌റ്റൈലിംഗ് ഒഴിവാക്കുക
സ്‌ട്രൈറ്റനറുകള്‍, ബ്ലോ ഡ്രയറുകള്‍ തുടങ്ങിയ ഹീറ്റ് സ്‌റ്റൈലിംഗ് അഥവാ ചൂട് വെക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിന് ഡ്രൈയര്‍ കഴിവതും ഒഴിവാക്കി മുടി വായുവില്‍ ഉണങ്ങാന്‍ അനുവദിക്കുക.
പതിവ് ട്രിമ്മുകള്‍
മുടിയുടെ പിളര്‍ന്നിരിക്കുന്ന അറ്റം നീക്കം ചെയ്യാനും മുടിയുടെ പുതുമ നിലനിര്‍ത്താനും പതിവായി ട്രിം ചെയ്യുക. ഇത് കൂടുതല്‍ കേടുപാടുകള്‍ തടയുകയും ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത എണ്ണകള്‍
വെളിച്ചെണ്ണയോ ബദാം എണ്ണയോ വേനല്‍ക്കാലത്ത് മുടിക്ക് വേണ്ട പോഷകങ്ങളേകും. കൂടുതല്‍ ഈര്‍പ്പവും തിളക്കവും ലഭിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ എണ്ണകള്‍ പുരട്ടി തല മസാജ് ചെയ്യുക.
ശരിയായ ഉല്‍പ്പന്നങ്ങള്‍
നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ മുടിക്ക് ഭാരം നല്‍കാത്ത ഭാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.
അമിതമായി കഴുകുന്നത് ഒഴിവാക്കുക
മുടി ഇടയ്ക്കിടെ കഴുകുന്നത് പകൃതിദത്ത എണ്ണമയം നഷ്ടപ്പെടുത്തും. മുടിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയോ ദിവസത്തില്‍ ഒരിക്കല്‍ മാത്രമോ കഴുകുന്നത് പരിഗണിക്കുക.
മാസ്‌കുകള്‍
വേനല്‍ക്കാല കേശ പ്രശ്‌നങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച്, ഫലപ്രദമായ DIY ഹെയര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാം. മിക്ക വീടുകളിലും കാണപ്പെടുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് ഈ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ എളുപ്പമാണ്.
വെളിച്ചെണ്ണ- കറ്റാര്‍ വാഴ മാസ്‌ക്
പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വെളിച്ചെണ്ണ. കറ്റാര്‍ വാഴയുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് മുടിക്ക് ആഴത്തിലുള്ള ജലാംശം നല്‍കുന്നു. വെളിച്ചെണ്ണയും കറ്റാര്‍ വാഴ ജെല്ലും തുല്യ അളവില്‍ കലര്‍ത്തുക. മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
ഏത്തപ്പഴം- തേന്‍ മാസ്‌ക്
ഏത്തപ്പഴം വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്, അതേസമയം തേന്‍ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുന്നു. ഒരു പഴുത്ത പഴം അരച്ച് രണ്ട് ടേബിള്‍സ്പൂണ്‍ തേനുമായി കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പ്രത്യേകിച്ച് വേരുകളില്‍ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
തൈര്- നാരങ്ങ മാസ്‌ക്
തൈര് തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കുന്നു, അതേസമയം നാരങ്ങ മുടിക്ക് തിളക്കം നല്‍കുന്നു. അര കപ്പ് തൈര് ഒരു നാരങ്ങയുടെ നീരുമായി കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 15 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകുക.
ഈ മാസ്‌കുകള്‍ വീട്ടില്‍ തന്നെ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കി ഉപയോഗിച്ചാല്‍ വേനല്‍ക്കാല മുടി പ്രശ്‌നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരമാകും.