സിനിമയിൽ മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്ന് നടി മീന. ഒരു വേദിയിൽ വച്ച് നടൻ വിജയ് പറഞ്ഞ കാര്യം ഇപ്പോഴും അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും അവർ പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയപ്പോൾ അച്ഛനും അമ്മയും ഒരുപാട് കാര്യങ്ങൾക്ക് പരിഭ്രമിച്ചിട്ടുണ്ടെന്നും മീന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മീന ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒരു വേദിയിൽ വച്ച് നടൻ വിജയ് എന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വലിയ അഭിമാനമാണ് തോന്നിയത്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 13-ാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ അവസരം ലഭിച്ചപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെ അഭിനയിക്കാൻ വിടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അന്നുമുതൽ 41 വർഷമായിട്ടും അഭിനയരംഗത്ത് നിൽക്കുകയാണ്. ഒരുപാട് സിനിമകൾ ചെയ്തു. കല്യാണം കഴിച്ചപ്പോൾ ഞാൻ വിചാരിച്ചു, ഇനി അഭിനയിക്കണ്ട, കുടുംബമായി ജീവിക്കാമെന്ന്. പക്ഷെ അത് നടന്നില്ല. വീണ്ടും അഭിനയം തുടരുകയായിരുന്നു. കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല.
കൊവിഡ് വന്ന സമയത്തും ലോകം മുഴുവനും നിലച്ച രീതിയിലായിരുന്നു. എന്നാൽ അപ്പോഴും മലയാളം സിനിമയിൽ സൂപ്പർഹിറ്റുകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ദൃശ്യം 2 ഷൂട്ട് ചെയ്യുന്നതിനിടയിൽ എല്ലാവർക്കും പരിഭ്രമമായിരുന്നു. ലോക്ക്ഡൗൺ സമയത്താണ് ഷൂട്ടിംഗ് നടന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ഞാൻ ഷൂട്ടിംഗിന് പോയത്. ഒരു കൊച്ചു കഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും പിന്നീട് കാമുകിയായും ഒടുവിൽ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അതൊക്കെ നല്ല ഓർമകളാണ്. തമിഴിലും രജനികാന്തിന്റെ മകളായും ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും അങ്ങനെ ചെയ്തിട്ടുണ്ട്. ആർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അതെല്ലാം. ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയതാണ്. അന്ന് സിനിമയെക്കുറിച്ചോ എന്താണ് അഭിനയിക്കുന്നതെന്നോ അറിയില്ലായിരുന്നു. നന്നായി ചെയ്താൽ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞിട്ടാണ് പലരും അഭിനയിപ്പിക്കുന്നത്.
തിരക്ക് കാരണം പല സൂപ്പർഹിറ്റ് ചിത്രങ്ങളും നഷ്ടപ്പെട്ടിരുന്നു. ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മോഹൻലാലിലും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാനുളള അവസരം നഷ്ടപ്പെട്ടിരുന്നു. ഭരതൻ സാറിന്റെ തേവർ മകൻ എന്ന സിനിമയിലും കഴിഞ്ഞില്ല. പടയപ്പയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. ബ്രോ ഡാഡി എന്ന സിനിമയിൽ പൃഥ്വിരാജാണ് എന്റെ മകൻ എന്ന് കേട്ടപ്പോൾ ഞാൻ അതിശയിച്ചു. സിനിമയുടെ നിർമാതാവ് ആന്റണിയോട് ഞാൻ സംശയവും ചോദിച്ചിരുന്നു. പക്ഷെ പൃഥ്വിരാജ് നന്നായി പറഞ്ഞ് മനസിലാക്കിയിരുന്നു’- മീന പറഞ്ഞു.