ഒരുങ്ങുന്നു, നേര്യമംഗലം-ഭൂതത്താന്‍കെട്ട് ജലയാത്ര

ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ നേര്യമംഗലത്തിന്റെ മുഖച്ഛായ ഇനി മാറും. സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ടെങ്കിലും അവരെ ആകര്‍ഷിക്കാന്‍ നേര്യമംഗലത്തു പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല. മൂന്നാറിലേക്കും തേക്കടി-കുമളി-ഇടുക്കിയിലേക്കും വഴിതിരിയുന്നിടത്തെ ചെറിയ ടൗണ്‍ഷിപ്പാണ് നേര്യമംഗലം. പെരിയാര്‍ നിറഞ്ഞൊഴുകുന്ന പ്രദേശം. അവിടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാരമേഖലയില്‍ നേര്യമംഗലത്തിന്റെ പ്രാധാന്യം വര്‍ധിക്കും.

ഭൂതത്താന്‍കെട്ട്, തട്ടേക്കാട് പക്ഷിസങ്കേതം, വാളറ, ചീയപ്പാറ വെള്ളച്ചാട്ടം എന്നിവ നേര്യമംഗലത്തോടു ചേര്‍ന്നുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പ്രാദേശിക വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന മാമലക്കണ്ടം, മാങ്കുളം, ഇഞ്ചത്തൊട്ടി എന്നിവയും നേര്യമംഗലത്തോടു ചേര്‍ന്നുകിടക്കുന്നു. ചരിത്രമുറങ്ങുന്ന നേര്യമംഗലം പാലം, റാണിക്കല്ല് എന്നിവയും നേര്യമംഗലത്തിന്റെ പ്രത്യേകതയാണ്.

ബോട്ട് ജെട്ടിയുടെ നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം വിനിയോഗിച്ചാണ് ജെട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പെരിയാര്‍വാലിയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.റണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ ആര്‍ച്ച് പാലത്തിനു സമീപം പുഴയുടെ ഇടതുകരയിലാണ് ബോട്ട് ജെട്ടി നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ലെവല്‍ ലാന്‍ഡിങ് ഫ്‌ളോറോടെയുള്ള ബോട്ട് ജെട്ടിയാണിത്. മൂന്നാര്‍, തേക്കടി തുടങ്ങി ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോതമംഗലത്തു നിന്ന് ഭൂതത്താന്‍കെട്ടില്‍ എത്തി അവിടെ നിന്ന് ബോട്ട് മാര്‍ഗം കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തിച്ചേര്‍ന്ന് അവിടെ നിന്നു വീണ്ടും യാത്ര തുടരാം. അതുപോലെ തന്നെ തിരിച്ച് ഇടുക്കി ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് നേര്യമംഗലത്ത് ഇറങ്ങിയാല്‍ അവിടെ നിന്ന് ബോട്ട് വഴി ഭൂതത്താന്‍കെട്ടില്‍ എത്താം. പെരിയാറിന്റെ വശ്യ ഭംഗി ആസ്വദിക്കുന്നതോടൊപ്പം വന്യമൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരവും യാത്ര സമ്മാനിക്കും. നേര്യമംഗലം-ഭൂതത്താന്‍കെട്ട് ജലയാത്ര ഓരോ സഞ്ചാരിക്കും അവിസ്മരണീയമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *