അച്ഛന്‍ മരിച്ചിട്ട് 25 വര്‍ഷം; അമ്മയുടെ വിവാഹം നടത്തി മകള്‍

ഒരു വിവാഹവാര്‍ത്ത വൈറലായിരിക്കുന്നു. ഷില്ലോംഗ് സ്വദേശിയായ ദേവ് ആരതി റിയ ചക്രവര്‍ത്തി എന്ന യുവതി, അമ്പതുകാരിയായ തന്റെ അമ്മ മൗഷ്മ ചക്രവര്‍ത്തിയുടെ പുനര്‍വിവാഹം നടത്തിയ വാര്‍ത്തയാണ് വൈറലായത്. സോഷ്യല്‍ മീഡിയകളില്‍ സേവ് ദ ഡേറ്റ്, വിവാഹം എന്നിവയുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം സുഹൃത്തുക്കളും ബന്ധുക്കളും ചിലപ്പോള്‍ ഫോട്ടോയുടെയും വീഡിയോയുടെയും കൗതുകം കൊണ്ട് അവരെ അറിയാത്തവര്‍ പോലും അതെല്ലാം ആഘോഷിക്കാറുണ്ട്. എന്നാല്‍, തന്റെ അമ്മയുടെ വിവാഹവാര്‍ത്തയും അമ്മയോടൊപ്പമുള്ള ചിത്രങ്ങളുമാണ് ഇവിടെ മകള്‍ പങ്കുവച്ചിരിക്കുന്നത്. വിവാഹച്ചിത്രത്തിനു നിരവധി ലൈക്കും കമന്റുകളുമാണ് ലഭിക്കുന്നത്.

ആരതി കൊച്ചുകുഞ്ഞായിരിക്കുമ്പോഴാണ് അച്ഛന്റെ മരണം സംഭവിക്കുന്നത്. രണ്ടു വയസുമാത്രം പ്രായമുള്ള ആരതിയെയും മാറോടു ചേര്‍ത്ത് ആ അമ്മ തളര്‍ന്നിരുന്നു. എന്നാല്‍, യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ അമ്മ കൂടുതല്‍ കരുത്തോടെ ജീവിതത്തിലേക്കു തിരിച്ചെത്തി. ആരതിയെ നല്ല രീതിയില്‍ വളര്‍ത്തിയതും പഠിപ്പിച്ചതും അമ്മയാണ്. കഷ്ടപ്പെട്ടാണ് അവര്‍ തന്റെ മകളെ വളര്‍ത്തിയത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ മൗഷ്മിയ്ക്ക് പ്രായം 25 മാത്രം.

സ്വപാന്‍ ആണ് മൗഷ്മിയുടെ വരന്‍. ബംഗാള്‍ സ്വദേശിയാണ് സ്വപാന്‍. അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണിത്. സമപ്രായക്കാരായ ഇരുവരവും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരാകുന്നത്. വിവാഹത്തിനായി മുന്‍കൈ എടുത്തതും എല്ലാ ഒരുക്കങ്ങളും നടത്തിയതും മകളാണ്. രണ്ടാം വിവാഹത്തിന് അമ്മയെ സമ്മതിപ്പിക്കാന്‍ ഒരുപാട് സമയമെടുത്തെന്നും മകള്‍. താന്‍ വിവാഹം കഴിഞ്ഞുപോയാല്‍ അമ്മയ്ക്ക് ആരാണുണ്ടാകുക എന്ന ചിന്ത തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും ഇനി അത്തരം ടെന്‍ഷനുകളില്ലെന്നും ആരതി.

Leave a Reply

Your email address will not be published. Required fields are marked *