‘ഐ ക്യാൻ’ ഡോക്ടർമാരുടെ സിനിമ

എത്രവലിയ ധൈര്യശാലിയും ഒരു നിമിഷം പകച്ചുനിന്നുപോകുന്ന രോഗത്തിന്റെ പേരാണ് ക്യാൻസർ. കാരണം അത്രയധികം ഭീകരമായിട്ടാണ് സമൂഹം ഈ രോഗത്തെ ചിത്രീകരിച്ചിരിക്കുന്നത്. എത്രമാത്രം അവബോധം നൽകാൻ ശ്രമിച്ചാലും ചില സംശയങ്ങളും ചില വിശ്വാസങ്ങളും സമൂഹത്തിൽ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നതാണ് ഈ രോഗത്തെ ഇത്രമാത്രം ഭയപ്പെടാനുള്ള കാര്യം.

ക്യാൻസറിനെക്കുറിച്ച് നിരവധി ഷോർട്ട്ഫിലിം, ഡോക്യൂമെന്ററി, സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും എട്ടു മിനിറ്റുകൊണ്ട് രോഗത്തെക്കുറിച്ച് സമൂഹത്തിലുള്ള മിഥ്യധാരണകൾ പൊളിച്ചെഴുതുകയാണ് ‘ഐ ക്യാൻ’ എന്ന ചെറുസിനിമ. ക്യാൻസറിനെ എങ്ങനെ നേരിടാം, ചികിത്സാ കാലഘട്ടം, തുടർചികിത്സാ, രോഗം മാറിയ ശേഷമുള്ള ജീവിതം തുടങ്ങിയ കാര്യങ്ങൾക്കൊപ്പം ക്യാൻസർ രോഗിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല, ജോലിക്ക് പോകാനാകില്ല, കുട്ടികളുണ്ടാകില്ല, ആഘോഷങ്ങളിൽ പങ്കെടുക്കാനാകില്ല തുടങ്ങിയ അന്ധമായ വിശ്വാസങ്ങൾക്കെതിരെ വിരൽചൂണ്ടുകയാണ് ‘ഐ ക്യാൻ’.

ക്യാൻസർ നമ്മളെയല്ല നമ്മൾ ക്യാൻസറിനെയാണ് കീഴ്പ്പെടുത്തേണ്ടതെന്നാണ് ഈ ചെറുസിനിമ പറഞ്ഞുവയ്ക്കുന്നത്. ആശങ്കയോടെ കണ്ടുതുടങ്ങുന്ന പ്രേക്ഷകൻ ആശ്വാസത്തോടെ കണ്ടിറങ്ങുന്ന ഐ ക്യാനിന് പിന്നിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫാണ്. കാരിത്താസിലെ തന്നെ ഒരുകൂട്ടം ഡോക്ടർമാരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *