‘ഞാൻ ദൈവത്തെ കണ്ടു’; സ്റ്റീവൻ സ്പീൽബർ​ഗിനെ കണ്ട് രാജമൗലി

തന്റെ ആരാധ്യപുരുഷനെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയിലെ സ്റ്റാർ സംവിധായകൻ രാജമൗലി. ലോസ് ഏഞ്ചൽസിൽ എൺപതാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെ സ്റ്റീവൻ സ്പീൽബർ​ഗിനെയാണ് രാജമൗലി കണ്ടുമുട്ടിയത്. ‘ഞാൻ ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീൽബർ​ഗ് സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ രണ്ട് പുരസ്കാരങ്ങളാണ് ​ഗോൾഡൻ ​ഗ്ലോബിൽ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ. രാജമൗലിയുടെ ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ​ഗാനമാണ് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള പുരസ്കാരത്തിനർഹമായത്.

സ്പീൽബെർ​ഗിനെ കാണുമ്പോൾ രാജമൗലിക്കൊപ്പമുണ്ടായിരുന്ന സം​ഗീത സംവിധായകൻ എം.എം. കീരവാണിയും ഈ അസുലഭമുഹൂർത്തത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളിൽ പറയാനുമുള്ള ഭാഗ്യമുണ്ടായെന്നുമാണ് കീരവാണി ട്വീറ്റ് ചെയ്തത്.

നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീൽബർ​ഗ് പറഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ കീരവാണി പറഞ്ഞു. എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *