നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്തതും ആ വാർത്ത; വേണുഗോപാൽ ആ അനുഭവം ഓർക്കുന്നതിങ്ങനെ

‘കരയാൻ മറന്നു നിന്നോ ഞൊടി നേരമെന്തിനോ’

എന്നു തുടങ്ങുന്ന നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്ത് ഫോൺ ഓണാക്കി. ഗായകൻ ജി വേണുഗോപാലിന് പിന്നെ ആദ്യംവന്ന ഫോൺ അനുജത്തി രാധികയുടേതായിരുന്നു. ‘അച്ഛൻ വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല. ഒന്ന് പെട്ടെന്ന് വരൂ.’ എന്നായിരുന്നു രാധിക അറിയിച്ചത് .

ചലച്ചിത്ര ഗാനാപനത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം പ്രണയവിലാസം എന്ന സിനിമയ്ക്കായി റെക്കോഡ് ചെയ്ത ഗാനത്തിനിടയിലെ യാദൃച്ഛികതയെപ്പറ്റി വേണുഗോപാലിന്റെ വാക്കുകൾ …

‘സംഗീത സംവിധായകൻ ഷാൻ എന്നോട് പറഞ്ഞത് ഈ പാട്ടിലെ ഭാവം ‘വേദന ‘ ആണെന്നായിരുന്നു. മരണവുമായി ബന്ധപ്പെട്ട പാട്ടാണ്. മനു മഞ്ജിത്തിന്റെ മനോഹരമായ രചന. കരയാൻ മറന്നു നിന്നോ …. എന്നു തുടങ്ങുന്നു ഈ ഗാനം .

ഡിസംബർ 16നായിരുന്നു റെക്കോഡിംഗ്. 17ന് കുറച്ച് തിരുത്തലുകൾ പാടാനുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഐറിസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ വൈകുന്നേരം 6.20 ന് പാടി ഞാൻ ഹെഡ് ഫോൺസ് അതിന്റെ റാക്കിലേക്ക് വയ്ക്കുന്നു: ഫോൺ ഓൺ ആക്കിയപ്പോൾ ആദ്യത്തെ ഫോൺ അനുജത്തി രാധികയുടെയായിരുന്നു. അച്ഛൻ വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല. ഒന്ന് പെട്ടെന്ന് വരൂ. ഞാൻ എത്തിയപ്പോഴേക്കെല്ലാം കഴിഞ്ഞിരുന്നു.”

ഈ ചിത്രത്തിൽ വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലിന്റെ പാട്ടുമുണ്ട്. കൺകോണിലെ കരട് പോൽ കെട്ടു പൊട്ടീ എന്ന് തുടങ്ങുന്ന വരികളാണ് അരവിന്ദ് പാടിയിരിക്കുന്നത്. സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനിടയിലാണ് ഈ ഗാനം.

അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയവിലാസം ഫെബ്രുവരി 24 ന് തിയേറ്ററുകളിലെത്തി. സൂപ്പർ ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ മുരളിയാണ്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്‌മാൻ. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *