‘കൊറോണയും ജവാനും എനിക്ക് ഒരേ പോലെ ഇഷ്ടമാണ്’; വേദിയിൽ പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘കൊറോണ ജവാന്റെ’ ഗാനങ്ങൾ പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ഉണ്ണിമുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തിറക്കിയത്. നവാഗതനായ സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർവ്വഹിക്കുന്നത്.’കൊറോണ ജവാൻ’ എന്ന പടം താൻ കണ്ടതാണെന്നും തമാശക്ക് ഏറെ പ്രാധാന്യമുള്ളതാണ് ചിത്രമെന്നും ലിസ്റ്റിൻ പറഞ്ഞു. ചിത്രത്തിന്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ അദ്ദേഹം വേദിയിൽ ചിരിപടർത്തി.

“ഈ പടം സംവിധാനം ചെയ്യുന്നത് സിസി എന്നാണ് കണ്ടത്. ഈയടുത്ത് ഗവൺമെന്റ് സിനിമകൾ നിർമ്മിച്ചതുകൊണ്ട് സെൻസർ ബോർഡ് നേരിട്ട് പടം സംവിധാനം ചെയ്തു എന്നാണ് ഞാൻ ആദ്യം കരുതിയത്. സിനിമ ഞാൻ കണ്ടതാണ് ഒരുപാട് ഹ്യൂമർ ഇതിലുണ്ട്, കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്ക് ഇഷ്ടമാണ്. കൊറോണ സമയത്ത് ആണ് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തത്, അതേപോലെ ഇൻകം ടാക്സുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞതും. അതേപോലെ ജവാന്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ് അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക് ബന്ധപ്പെടുത്താനായി,” ലിസ്റ്റിൻ പറഞ്ഞു.

സുജയ് മോഹൻരാജ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ലുക്മാനും ശ്രീനാഥ് ഭാസിക്കും പുറമെ ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം – ജെനീഷ് ജയാനന്ദൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ്, സംഗീതം – റിജോ ജോസഫ് , പശ്ചാത്തല സംഗീതം – ബിബിൻ അശോക് , വസ്ത്രാലങ്കാരം- സുജിത് സി എസ് , ചമയം – പ്രദീപ് ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *