മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് ഫാസില്‍. തരളമായ സിനിമകള്‍ കൈകാര്യം ചെയ്തിരുന്ന ഫാസിലിന്റെ വ്യത്യസ്തമായ സമീപനമായിരുന്നു മണിച്ചിത്രത്താഴ്. അതുവരെ ഫാസിലില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിന്റെ നേര്‍വിപരീതമായിരുന്നു മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവര്‍ അഭിനയിച്ചുതകര്‍ത്ത മണിച്ചിത്രത്താഴ്. നേരത്തെ ഒരു അഭിമുഖത്തില്‍ മണിച്ചിത്രത്താഴിലെ ലൊക്കേഷനില്‍ സംഭവിച്ച ചില കാര്യങ്ങള്‍ ഫാസില്‍ ഓര്‍ത്തെടുത്തിരുന്നു.
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒരുങ്ങുമ്പോള്‍ ആളുകളില്‍നിന്ന് നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടിരുന്നതായി ഫാസില്‍. തിരക്കഥ കേട്ട പലരും പറഞ്ഞു ഈ സിനിമ ആളുകള്‍ക്ക് മനസിലാകില്ലെന്ന്. ഫാസില്‍ ഒന്നുകൂടെ ആലോചിച്ചിട്ട് മുന്നോട്ടുപോയാല്‍ മതി എന്നൊക്കെ. അപ്പോള്‍ ചിരിയാണു വന്നത്. ഈ സിനിമ ഒരു സംഭവമാകുമെന്ന് എനിക്കും തിരക്കഥാകൃത്ത് മധു മുട്ടത്തിനും അത്രയും ഉറപ്പായിരുന്നു. അങ്ങനെ ചിത്രീകരണം തീരുമാനിക്കുന്നു.
അപ്പോഴും ചില അഭിനേതാക്കളുടെയൊന്നും സംശയം മാറിയിരുന്നില്ല. സെറ്റിലും ഈ ആശങ്ക തുടര്‍ന്നാല്‍ അത് ഷൂട്ടിംഗിനെ ബാധിക്കുമെന്ന് മനസിലൊരു ശങ്ക തോന്നി. ഉടന്‍ ഉറ്റചങ്ങാതിയെ വിളിച്ചു. നെടുമുടി വേണു സംഗതി ഏറ്റു. തുടര്‍ന്ന് സെറ്റിലിരുന്ന് വേണു കഥ തുടങ്ങി, ”ഇതൊരു സംഭവമായിരിക്കും. മലയാള സിനിമ ഇതുവരെ കാണാത്തൊരു സിനിമയായിരിക്കും ഇത്.” എന്തായാലും ആ അടവ് ഏറ്റു. അഭിനേതാക്കള്‍ക്കും തോന്നി, ഇതൊരു ചരിത്രമാവുമെന്ന്. ലാലും ശോഭനയും സുരേഷ് ഗോപിയും തിലകനും ഇന്നസെന്റുമെല്ലാം പിന്നീട് മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ അതുവരെ കാണാത്ത പല കാഴ്ചകളും മണിച്ചിത്രത്താഴു തുറന്നു പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ടെന്നും ഫാസില്‍ പറഞ്ഞു.