തെലുങ്ക് നടൻ രാംചരണിനും ഉപാസനക്കും പെൺകുഞ്ഞു പിറന്നു

തെലുങ്കു താരം രാംചരണിനും ഉപാസന കൊണ്ടേലക്കും പെൺകുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന കുഞ്ഞിന് ജൻമം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചത്.

”2023 ജൂൺ 20-ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് ഉപാസന കാമിനേനിക്കും രാം ചരണിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.” ബുള്ളറ്റിനിൽ പറയുന്നു. 2022 ഡിസംബറിലാണ് ഉപാസന ഗർഭിണിയായ വിവരം രാംചരൺ അറിയിക്കുന്നത്.”’ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തോടെ, ഉപാസനയും രാം ചരണും ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സ്‌നേഹത്തോടും നന്ദിയോടും കൂടെ സുരേഖയും ചിരഞ്ജീവിയും കൊണിദെലിയും ശോഭനയും അനിൽ കാമിനേനിയും” എന്നാണ് കുഞ്ഞിൻറെ വരവറിയിച്ചുകൊണ്ട് രാംചരൺ കുറിച്ചത്. പേരക്കുട്ടിയെ പ്രതീക്ഷിക്കുന്ന കാര്യം കഴിഞ്ഞ വർഷം ഡിസംബറിൽ രാമിൻറെ പിതാവും നടനുമായ ചിരഞ്ജീവി പങ്കുവെച്ചിരുന്നു.

2012 ജൂൺ 14നായിരുന്നു രാംചരണിൻറെയും ഉപാസനയുടെയും വിവാഹം. 11 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞു പിറക്കുന്നത്. ശങ്കറിൻറെ വരാനിരിക്കുന്ന ആക്ഷൻ ചിത്രമായ ‘ഗെയിം ചേഞ്ചറി’ൻറെ തിരക്കിലാണ് രാംചരൺ. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഗെയിം ചേഞ്ചർ പുറത്തിറങ്ങുന്നത്.എസ് ജെ സൂര്യ, ജയറാം, അഞ്ജലി, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *