ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍; 7,600 പേര്‍ക്ക് യാത്ര ചെയ്യാം, കന്നിയാത്രയ്ക്ക് ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ കന്നിയാത്രയ്ക്ക് ഒരുങ്ങുകയാണ്. കപ്പലിന്റെ വിശേഷങ്ങള്‍ വായിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വിസ്മയം പൂണ്ടു. ഒരേസമയം 5,610 മുതല്‍ 7,600 വരെ പേര്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടണ്‍. പേര് ‘ഐക്കണ്‍ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പല്‍ ഭീമന്‍ ആദ്യ യാത്ര ആരംഭിക്കും.

റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റസ്റ്ററന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാല്‍പതിലധികം കേന്ദ്രങ്ങളും. മിയാമിയില്‍നിന്ന് ആരംഭിക്കുന്ന കപ്പലിന്റെ ആദ്യയാത്ര ഒരു വര്‍ഷം നീണ്ടുനില്‍ക്കും. അവധിക്കാല ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ ഇതിലും പറ്റിയ മറ്റൊരിടമില്ലെന്നു കപ്പലിന്റെ ഉടമകളായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെടുന്നു.

ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍ക്കു കപ്പല്‍ശാലയില്‍ നിര്‍മിച്ച ക്രൂയിസ് കപ്പല്‍ യൂറോപ്യന്‍ കടല്‍ പരീക്ഷണങ്ങളുടെ ആദ്യറൗണ്ട് പൂര്‍ത്തിയാക്കി. വിവിധ മേഖലകളില്‍ വിദഗ്ധരായ രണ്ടായിരത്തോളം പേരാണ് കപ്പല്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയത്. ഈ വര്‍ഷാവസാനം രണ്ടാമത്തെ കടല്‍ പരീക്ഷണങ്ങള്‍ നടക്കും.

റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിനു കീഴില്‍ ‘ഉട്ടോപ്യ ഓഫ് ദി സീസ്’ എന്ന പേരില്‍ മറ്റൊരു ക്രൂയിസ് ഷിപ്പ് കൂടി 2024 ഓടെ പുറത്തിറങ്ങുന്നുണ്ട്. ‘വണ്ടര്‍ ഓഫ് ദി സീസ്’ ആണ് ഇതിനു മുന്‍പു കരീബിയന്‍ പുറത്തിറക്കിയ ആഡംബര കപ്പല്‍.

Leave a Reply

Your email address will not be published. Required fields are marked *