മലയാള സിനിമയിലെ സ്വര്‍ണത്തിളക്കമാര്‍ന്ന താരജോഡികള്‍ ആരെന്നു ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു. ജയറാം-പാര്‍വതി. താര ദമ്പതിമാര്‍ക്കിടയില്‍ വേര്‍പിരിയലുകള്‍ സാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രണയവും ജീവിതവും എങ്ങനെയാണ് ആഘോഷമാക്കേണ്ടതെന്നു കാണിച്ചുതന്ന ദമ്പതിമാരാണ് ഇവര്‍. വെള്ളിത്തിരയിലും വെള്ളിത്തിരയ്ക്കു പിന്നിലുമുള്ള ഇരുവരുടെയും പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണു താരങ്ങള്‍.
‘കരുക്കള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷന്‍. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസില്‍ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓര്‍മകള്‍ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്’- ജയറാം
‘പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ല. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങള്‍ക്കില്ല. അതൊരു വല്ലാത്ത സമയമായിരുന്നു. ഗോസിപ്പുകളിലൂടെയാണു വീട്ടില്‍ വിവരം അറിഞ്ഞത്. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈല്‍ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. നാലു വര്‍ഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്‌നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി’ – പാര്‍വതി. കാത്തിരിപ്പിനൊടുവില്‍ വിവാഹമെന്ന സ്വപ്‌നം പൂവണിഞ്ഞു- ജയറാമും പാര്‍വതിയും പറഞ്ഞു.