രാഷ്ട്രീയം നല്ല ആളുകളുടെ കൈകളിലെത്തുമ്പോഴാണു നല്ലതാകുന്നത്; ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്കു വിശ്വാസമില്ല: ശ്രീനിവാസൻ

സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസനും ബോബി കൊട്ടാരക്കരയും തമ്മിലുള്ള ഒരു സീൻ ആരും മറക്കില്ല. തങ്ങളുടെ പാർട്ടിയുടെ തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. ജനങ്ങൾ സമ്പൂർണ സാക്ഷരത നേടിയതാണ് പരാജയകാരണമായി ശ്രീനിവാസന്റെ കഥാപാത്രമായ പ്രഭാകരൻ കോട്ടപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ ബോബി കൊട്ടാരക്കരയുടെ കഥാപാത്രം ഉത്തമൻ പറയുന്നതിങ്ങനെയാണ്- ‘അതെയതേ… ജനങ്ങൾക്കു നല്ല ബുദ്ധി വന്നാൽ അവർ എല്ലാ പാർട്ടിക്കാരെയും കല്ലെറിഞ്ഞു കൊല്ലാൻ ഇടയുണ്ട്…’

കേരള രാഷ്ട്രീയം അഴിമതിക്കാരെക്കൊണ്ടു പൊറുതിമുട്ടിയ ഇക്കാലത്ത് ഇതെല്ലാം ഓർക്കത്തതായി ആരാണുള്ളത്. സന്ദേശത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞിതങ്ങനെയാണ്:

സന്ദേശം എന്ന സിനിമയിൽ വ്യക്തമായി പറയുന്നുണ്ട്, രാഷ്ട്രീയം നല്ല ആളുകളുടെ കൈകളിലെത്തുമ്പോഴാണു നല്ലതാകുന്നത് എന്ന്. എനിക്കു രാഷ്ട്രീയമുണ്ട്. അതൊരിക്കലും മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല. മതനിരപേക്ഷവുമാണത്. ഒരു മതത്തിലും ഞാൻ വിശ്വസിക്കുന്നില്ല. മതത്തിന്റെ പിന്നിൽ അണിനിരക്കാനുള്ള ആഹ്വാനങ്ങളെ പുച്ഛിച്ചുതള്ളാനാണ് ഇഷ്ടപ്പെടുന്നത്.

എന്റെ രാഷ്ട്രീയമെന്നത് ദുരിതമനുഭവിക്കുന്ന സമൂഹത്തെ മാറ്റിമറിക്കാനും ഇവിടെ അധിവസിക്കുന്ന ജനങ്ങൾക്കു ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും പ്രദാനം ചെയ്യാനും കഴിയുന്നതാകണം. നമ്മുടെ നാട്ടിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗമാണു കൂടുതലുള്ളത്. സൗകര്യപൂർവം ജീവിക്കുന്നവർ ന്യൂനപക്ഷവും. ജീവിതസൗകര്യമില്ലാത്തവർക്ക് മറ്റുള്ളവരെപ്പോലെ സമത്വപൂർവം ജീവിക്കാനുള്ള സൗകര്യത്തിനു വേണ്ടിയുള്ളതാവണം രാഷ്ട്രീയം.

ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ പേരിൽ ആരും പരസ്പരം ചൂഷണം ചെയ്യപ്പെടാത്ത ഒരു സമൂഹത്തിനായുള്ള രാഷ്ട്രീയം. എന്തുകൊണ്ട് ഇത്രയും കാലമായിട്ടും നമ്മൾ ലക്ഷ്യമിടുന്ന സമൂഹത്തിലേക്കു നമുക്കെത്താൻ കഴിയുന്നില്ല? ഏതു പ്രതികരണത്തെയും അസ്വസ്ഥതയോടുകൂടി നോക്കുന്നതെന്തിനാണ്. പ്രതികരണങ്ങളോടും പരാതികളോടും ക്രിയാത്മകമായി സംവദിക്കുകയും പ്രതികരിക്കുകയുമല്ലേ യഥാർത്ഥത്തിൽ ചെയ്യേണ്ടത്. ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്കു വിശ്വാസമില്ല- ശ്രീനിവാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *