‘റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’; മമ്മൂട്ടി

റിവ്യൂ ബോംബിംഗ് വിവാദങ്ങളിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകർ കാണണമെന്ന് തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിൻറെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. റിവ്യൂക്കാർ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങൾ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോൾ നമ്മുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്.’ എന്നാൽ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *