രഞ്ജിത്തിനോട് മാനസികനില പരിശോധിക്കണമെന്ന് സംവിധായകൻ വിനയൻ

ചലച്ചിത്ര അക്കാഡമി ചെയർമാർ രഞ്ജിത്തുമായുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. സംവിധായകൻ വിനയനും ഈ വിഷയത്തിൽ പ്രതികരിച്ചു. എൻറെ ആരോപണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണെന്ന് വിനയൻ. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.

ഡോ. ബിജു ആള് കയറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. അരവിന്ദനെപോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ. കരുണിനെ പോലെ നൂറു ദിവസമൊന്നും ഓടാത്ത പടമെടുക്കുന്നവർ ഇങ്ങനെ പരിഹസിക്കപ്പെടേണ്ടവരാണോ എന്നു മന്ത്രി മറുപടി പറയണം.

രാഷ്ട്രീയക്കാർ പരസ്പരം പറയുന്ന വലിയ ഡയലോഗുണ്ട്, മാനസിക നില പരിശോധിക്കണമെന്ന്. ഇദ്ദേഹത്തോട് പറയുകയാണ് ഒന്ന് മാനസിക നില പരിശോധിക്കുന്നത് നല്ലതാണെന്ന്. പുള്ളിക്ക് വിദ്വേഷമുള്ള, ഇഷ്ടപ്പെടാത്ത വ്യക്തികളെ അധിക്ഷേപിക്കാനാണോ ഈ സ്ഥാനം ഉപയോഗിക്കേണ്ടത് മന്ത്രി ഇതിന് ഉത്തരം പറയണം. അവാർഡിൽ ഇടപെട്ടു എന്ന വ്യക്തമായ തെളിവ് നൽകിയിട്ട് അങ്ങനെയൊന്നും അദ്ദേഹം ചെയ്യില്ല. ഇതിഹാസമാണ് അയാൾ എന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ ആണ് ഇപ്പോഴത്തെ ഈ സ്ഥിതിക്ക് ഉത്തരവാദി- വിനയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *