ഉച്ചയ്ക്ക് രണ്ടുമണിക്ക് അത്താഴം, വൃത്തിഹീനമായ ശൗചാലയം ഉപയോഗിക്കാൻ ശീലിച്ചു, ; ജയില്‍വാസത്തെക്കുറിച്ച് നടി റിയ ചക്രബര്‍ത്തി

ജയില്‍വാസത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നാളുകളാണ് ചേതന്‍ ഭഗതിന്റെ ചാറ്റ് ഷോയില്‍ നടി ഓര്‍ത്തെടുത്തത്. അറസ്റ്റിലായത് കോവിഡ് കാലത്തായതിനാല്‍ 14 ദിവസം ജയിലില്‍ ഏകാന്ത തടവില്‍ കഴിയേണ്ടിവന്നെന്നാണ് റിയ ചക്രബര്‍ത്തി ചാറ്റ് ഷോയില്‍ പറഞ്ഞത്. വിശപ്പും ക്ഷീണവുംകാരണം തനിക്ക് എന്താണോ കഴിക്കാന്‍ നല്‍കിയത്, അതെല്ലാം കഴിച്ചു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ മെനുവെന്നും നടി വെളിപ്പെടുത്തി.

ജയിലിലെ ഭക്ഷണസമയത്തില്‍ ഇപ്പോഴും ബ്രിട്ടീഷ് രീതിയാണ് പിന്തുടരുന്നതെന്നായിരുന്നു നടിയുടെ അഭിപ്രായം. രാവിലെ ആറുമണിക്കാണ് പ്രഭാതഭക്ഷണം. 11 മണിക്ക് ഊണും. ഉച്ചയ്ക്ക് രണ്ടുമണിക്ക് തന്നെ അത്താഴം നല്‍കും. മിക്കവരും അത്താഴം വാങ്ങിവെച്ചശേഷം രാത്രി എട്ടുമണിക്കാണ് കഴിച്ചിരുന്നത്. രാവിലെ ആറുമണിക്ക് സെല്ലിന്റെ ഗേറ്റുകള്‍ തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് പിന്നീട് ഇത് പൂട്ടുക. ഇതിനിടയില്‍ കുളിക്കാനും ലൈബ്രറിയില്‍ പോകാനുമെല്ലാം അവസരമുണ്ട്. ജയിലില്‍ തന്റെ ജീവിതക്രമമെല്ലാം മാറി. രാവിലെ നാലുമണിക്ക് ഉറക്കമെഴുന്നേല്‍ക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് രണ്ടുമണിക്ക് അത്താഴം കഴിക്കുമെന്നും നടി പറഞ്ഞു.

ജയില്‍ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിലൊന്നായിരുന്നു ശൗചാലയം ഉപയോഗിക്കുന്നത്. ജയിലിലെ ശൗചാലയം ഒരിക്കലും മികച്ചതല്ലായിരുന്നു. ക്രമേണ വൃത്തിഹീനമായ ശൗചാലയം ഉപയോഗിക്കാൻ ഞാൻ ശീലിച്ചു, അവർ പറഞ്ഞു. ജയിലിലെ നിരവധി തടവുകാര്‍ക്ക് കുടുംബത്തിന്റെ പിന്തുണയില്ലെന്ന് മനസിലായി. ജാമ്യത്തിനുള്ള 5,000 രൂപയോ പതിനായിരം രൂപയോ അവരുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍, തനിക്ക് തന്റെ കുടുംബവും സുഹൃത്തുക്കളുമെങ്കിലും കൂടെയുണ്ട്. ‘നിനക്ക് നീതി കിട്ടും, നിനക്ക് ജാമ്യം ലഭിക്കും, നീ തെറ്റൊന്നും ചെയ്തിട്ടില്ല’ എന്നാണ് ഞാന്‍ സ്വയം പറഞ്ഞിരുന്നത്. അവിടെയുള്ള സ്ത്രീകളില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തന്റെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങള്‍ ഓര്‍ത്ത് എന്തിനാണ് സമയം പാഴാക്കുന്നതെന്നും ചിന്തിച്ചിരുന്നു. ജയിലില്‍ കാന്റീനുണ്ട്. തടവുകാര്‍ക്ക് വീട്ടില്‍നിന്ന് മണിഓര്‍ഡര്‍ അയക്കാനുള്ള സൗകര്യവുമുണ്ട്. തനിക്ക് വീട്ടില്‍നിന്ന് 5,000 രൂപയാണ് മണിഓര്‍ഡറായി കിട്ടിയതെന്നും നടി പറഞ്ഞു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നത്. 28 ദിവസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് കേസില്‍ റിയക്ക് ജാമ്യം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *