‘ അന്ന് ഞാനങ്ങനെ പറഞ്ഞപ്പോൾ ഷൈൻ വല്ലാതായി, എന്റർടെയ്ൻ ചെയ്യില്ല’; ഗ്രേസ് ആന്റണി

സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചാ വിഷയമാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലെ പരാമർശങ്ങളാണ് ഷൈനിനെ ചർച്ചയാക്കുന്നത്. അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അലോസരകരമാണെന്ന് ഇതിനകം അഭിപ്രായം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മെറീന മൈക്കിളിനോട് അഭിമുഖത്തിനിടെ ഷൈൻ പൊട്ടിത്തെറിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഷൈനിന്റെ പരിധി വിട്ട പെരുമാറ്റം വാർത്താ പ്രാധാന്യം നേടാൻ വേണ്ടി സിനിമകളുടെ അണിയറ പ്രവർത്തകർ പ്രൊമോഷണൽ സ്ട്രാറ്റജിയായി ഉപയോഗിക്കുന്നു എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അഭിനയിക്കുന്ന സിനിമകളുടെ സംവിധായകർക്കോ നിർമാതാക്കൾക്കോ ഷൈനിനെക്കുറിച്ച് പരാതികളൊന്നും ഇല്ലെന്നതും എടുത്ത് പറയേണ്ടതാണ്. ഷൈൻ ടോം ചാക്കോയെക്കുറിച്ച് സംസാരിക്കുകയാണ് നടി ഗ്രേസ് ആന്റണി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങളാണ് ഗ്രേസ് ആന്റണി പങ്കുവെച്ചത്.

എനിക്ക് തോന്നിയിട്ടുള്ളത് പുള്ളി ഒരു പക്ക എന്റർടെയ്‌നറാണ്. സോഷ്യൽ മീഡിയയിൽ എങ്ങനെ തന്നെത്തന്നെ പ്രസന്റ് ചെയ്യാമെന്ന് വളരെ നന്നായി അറിയാവുന്ന ആളാണ് ഷൈൻ. അതിലൊക്കെ ഞാൻ വളരെ പുറകിലാണ്. ചിലപ്പോൾ അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെ ആയത് കൊണ്ടായിരിക്കാം. ഷൂട്ടിംഗ് ലൊക്കേഷനിലും ഇങ്ങനെ തന്നെയാണ്. ആക്ഷൻ പറയുമ്പോൾ ആൾ മാറി സീരിയസാവും. ലൊക്കേഷനിൽ ഞാനെപ്പോഴും സീരിയസ് ആയിരിക്കും. വർക്കാണ് എനിക്ക് പരമപ്രധാനം.

അതിൽ ഞാൻ വളരെ ശ്രദ്ധ കൊടുക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചിരിക്കില്ല. ഷൈൻ ഈ കിടന്ന് കാണിക്കുന്നതിൽ ബാക്കി എല്ലാവരും ചിരിക്കുന്നുണ്ടെങ്കിലും ഞാൻ അതിനെ കൂടുതൽ എന്റർടെയ്ൻ ചെയ്യില്ല. അതുകൊണ്ട് ഷൈൻ കൂടുതലും എന്റെയടുത്തേക്ക് വരില്ല. അവളുടെയടുത്തേക്ക് പോകണ്ടെന്ന് പറയും. ഒരു തവണ ഞാൻ ഷൈൻ പ്ലീസ്… എന്ന് പറഞ്ഞു. ഷൈൻ പെട്ടെന്ന് വല്ലാതായി. അത് കഴിഞ്ഞ് ഞാൻ വേറൊരു മൂഡിൽ നിൽക്കുകയായിരുന്നു, അതുകൊണ്ടാണെന്ന് ഞാൻ പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്നാണ് ഷൈൻ നൽകിയ മറുപടിയെന്നും ഗ്രേസ് ആന്റണി വ്യക്തമാക്കി.

മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. നടി ഉർവശിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും ഗ്രേസ് ആന്റണി സംസാരിച്ചു. ഉർവശി ചേച്ചിയെ പോലെ അഭിനയിക്കുന്നു എന്ന് എന്നെ ഇഷ്ടമുള്ളവരാണ് പറഞ്ഞത്. പക്ഷെ ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം അവരോട് മത്സരിക്കാൻ നമ്മൾ ആയിട്ടില്ല. എത്ര ശ്രമിച്ചാലും ആവുകയുമില്ല. എനിക്ക് വേറെ ആരെ പോലെയും ആകാൻ പറ്റില്ല. ഉർവശി ചേച്ചിയുടെ ഒരുപാട് എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു കഥാപാത്രം എടുത്ത് പറയാൻ പറ്റില്ല.

ചില മാനറിസങ്ങളാണ് എനിക്ക് ഇഷ്ടപ്പെടുന്നത്. എനിക്കേറ്റവും ഇഷ്ടം ചേച്ചി ചെയ്യുന്ന ഇമോഷണൽ സീനുകളാണ്. അപ്പോൾ ചേച്ചി കൊടുക്കുന്ന ബോഡി ലാംഗ്വേജും പ്രോപ്പർട്ടികൾ യൂസ് ചെയ്യുന്ന രീതികളുമൊക്കെയാണ് ഞാൻ ശ്രദ്ധിക്കാറ്. ഡബ്ബിംഗ് ശബ്ദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചേച്ചിയുടെ പെർഫോമൻസ് ലെവൽ ഉയർന്ന് നിൽക്കും. അഭിനയത്തെക്കുറിച്ച് ഉർവശിയിൽ നിന്നും ഒരുപാട് ചോദിച്ചറിയാനുണ്ടെന്നും ഗ്രേസ് ആന്റണി വ്യക്തമാക്കി. 

 

Leave a Reply

Your email address will not be published. Required fields are marked *