‘ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ’: വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ

വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ് എന്നും മഞ്ജു വാര്യർ പറയുന്നു.

മഞ്ജു വാര്യറിന്റെ വാക്കുകൾ

സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്.

അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു.

കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്.

ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്- മഞ്ജു വാര്യർ കുറിച്ചു.

മാക്സ് ലാബ് സിനിമാസിന്റെയും സെഞ്ച്വറി ഫിലിംസിന്റെയും സഹകരണത്തോടെ ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബന്‍ നിര്‍മ്മിച്ചത്.

ജനുവരി 25 നാണ് വാലിബൻ റിലീസ് ചെയ്തത്. വമ്പന്‍ പ്രതീക്ഷയുമായി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയിരുന്നുറിലീസ് ദിനം മലൈക്കോട്ടെ വാലിബന്‍ 5.5 കോടി രൂപയാണ് കളക്ട് ചെയ്തത് എന്നായിരുന്നു റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്ന് മാത്രം 4.76 കോടി രൂപയും ചിത്രം കളക്ട് ചെയ്തിരുന്നു. വാലിബന്‍ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇന്നലെ റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധി ദിനമായതിനാല്‍ തന്നെ ആദ്യ ദിനത്തേക്കാള്‍ മികച്ച കളക്ഷന്‍ ചിത്രം പ്രതീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *