തീര്‍ത്തും വിജയ് പ്രൊഫഷണലാണ്: വിജയിയെ കുറിച്ച് നടി പാര്‍വതി

വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മലയാളി നടി പാര്‍വതിയും വിജയ്‍യുടെ ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ട്. സാമൂഹ്യ മാധ്യമത്തില്‍ ആരാധകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടില്‍ വേഷമിടുന്നതിന്റെ അനുഭവം പങ്കുവയ്‍ക്കാമോ എന്ന് ആരാധകൻ ചോദിച്ചതിനാണ് പാര്‍വതി മറുപടി നല്‍കിയത്.

തീര്‍ത്തും വിജയ് പ്രൊഫഷണലാണ് എന്ന് പറഞ്ഞ പാര്‍വതി കൂള്‍, ശാന്തൻ, സ്വീറ്റ്, ശരിക്കും സിനിമയുടെ പേര് പോലെ ഗ്രേറ്റാണ് നടൻ എന്നും വ്യക്തമാക്കി. ഒടിടി വമ്പൻമാരായ നെറ്റ്‍ഫ്ലിക്സാണ് വിജയ് ചിത്രത്തിന്റെ റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. വമ്പൻ തുകയ്ക്കാണ് വിജയ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയതെങ്കിലും ഡീല്‍ എങ്ങനെയാണ് എന്ന് പുറത്തുവിട്ടിട്ടില്ല. എന്തായാലും വിജയ് നായകനാകുന്ന ചിത്രം  ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമിന്റെ പുതിയ അപ്‍ഡേറ്റും വലിയ ഹൈപ്പ് സൃഷ്‍ടിച്ചിരിക്കുകയാണ്.

ദ ഗോട്ടിന്റെ പ്രമേയം വെളിപ്പെടുത്തിയിട്ടില്ല. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നത്. ദ ഗോട്ടിലെ വിജയ്‍യുടെ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് ഷെയ്‍ഡുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാള നടൻ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കഥ രഹസ്യമായി സൂക്ഷിച്ചാണ് വിജയ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.

Leave a Reply

Your email address will not be published. Required fields are marked *