മണിയെ കണ്ടപ്പോൾ അന്ന് മിണ്ടിയില്ല; പ്രശ്‌നക്കാരനാണെന്ന് കരുതി; ഔസേപ്പച്ചൻ

കലാഭവൻ മണിയെ മറക്കാൻ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഇന്നും കഴിഞ്ഞിട്ടില്ല. അത്ര മാത്രം ആഴത്തിലുള്ള സ്വാധീനം പ്രേക്ഷകരിലുണ്ടാക്കാൻ കലാഭവൻ മണിക്ക് കഴിഞ്ഞു. മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനിപ്പോൾ. മണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അനുഭവമാണ് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവെച്ചത്. മണിയെ സ്റ്റേജിലൊക്കെ കണ്ടിട്ടുണ്ട്. എന്റെയൊരു പാട്ടും പാടിയിട്ടുണ്ട്. അന്നും നേരിട്ട് കണ്ടില്ല. ഞാൻ ട്രാക്ക് അയച്ചിട്ട് പാടി പുള്ളി ഇങ്ങോട്ട് തിരിച്ചയക്കുകയാണ് ചെയ്തത്. മണി ഒരു പ്രസ്ഥാനമായി നടക്കുന്ന കാലഘട്ടം, നാട്ടുകാരുടെ കണ്ണിലുണ്ണി.

ഏതോ ഒരു എയർപോർട്ടിൽ വെച്ച് മണിയെ കണ്ടു. ഞാനൊരു സൈഡിൽ ഒതുങ്ങി നിന്നു. ഈ മനുഷ്യൻ എന്നെ കണ്ട് എല്ലാവരെയും മാറ്റി ഓടി എന്റെയടുത്ത് വന്നു. ചേട്ടാ, ആ പാട്ട് പാടിയ ശേഷം കാണാൻ പറ്റിയില്ല എന്നൊക്കെ പറഞ്ഞു. ഡൗൺ ടു എർത്ത് ആയിട്ടുള്ള മനുഷ്യൻ. ഇങ്ങേര് വലിയ പ്രശ്‌നക്കാരനായിരിക്കുമെന്ന് കരുതിയ നേരത്ത് ഇങ്ങേര് വന്ന് ഇങ്ങനെ പെരുമാറിയപ്പോൾ എന്റെ ഗ്യാസ് പോയി.

ഞാനത് വരെയും അത്യാവശ്യം മസിൽ പിടിച്ച് നിൽക്കുകയായിരുന്നു. അദ്ദേഹത്തിന് മസിൽ പിടുത്തമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെ ചെയ്തത്. പക്ഷെ മണിയുടെ പെരുമാറ്റത്തോടെ തന്റെ മസിൽ പിടുത്തമെല്ലാം ഊർന്ന് പോയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. കലാഭവൻ മണിയെക്കുറിച്ച് കലാഭവൻ ഷാജോണും സംസാരിച്ചു. ഒരിക്കലും ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ പറ്റാത്ത ആളാണ് മണി ചേട്ടൻ. എനിക്ക് മാത്രമല്ല, ഒരുപാട് പേർക്ക്. ഞാനൊന്നും സിനിമ നടനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.

മിമിക്രിയിൽ നിന്നും അതിന് മുമ്പ് ജയറാമേട്ടനും ദിലീപും ജയസൂര്യയുമടക്കം സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കിലും നമുക്ക് സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാൻ പറ്റുമെന്ന് വിചാരിച്ചില്ല. മണി ചേട്ടൻ വന്ന് ഒരു കലക്ക് കലക്കിയപ്പോഴാണ് നമുക്കും നാളെ ഒരു ചാൻസുണ്ടെന്ന് ഞാനടക്കമുള്ള ഒരുപാട് മിമക്രികാർക്ക് പ്രതീക്ഷ തന്നത്. മണി ചേട്ടൻ വന്ന ശേഷം ഒരുപാട് പേർ സിനിമയിലേക്ക് വന്നു. ഒരുപാട് സിനിമകളിൽ മണി ചേട്ടനൊപ്പം അഭിനയിച്ചിട്ടില്ല. പക്ഷെ ട്രിപ്പ് പോകാനും ഒരുപാട് സ്റ്റേജ് ഷോ ചെയ്യാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.

സാധാരണക്കാരെ എപ്പോഴും ചേർത്ത് നിർത്തുന്നു, അവരോടൊപ്പം സമയം ചെലവഴിക്കുന്ന നടനാണ്. അദ്ദേഹം സാധാരണക്കാരനായിരുന്നത് കൊണ്ടാവാം, സാധാരണക്കാരന്റെ ഇമോഷൻ മനസിലാക്കുന്ന ആളായിരുന്നെന്നും കലാഭവൻ മണിയെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *