പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു; ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്ന് ​ഗിന്നസ് പക്രു

കരിയറിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതവും ​ഗിന്നസ് പക്രു നയിക്കുന്നു. താൻ വിവാഹിതനായ സാഹചര്യത്തെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ​ഗിന്നസ് പക്രുവിപ്പോൾ. ഒരു അഭിമുഖത്തിലാണ് ​ഗിന്നസ് പക്രു മനസ് തുറന്നത്. ഭാര്യ ​ഗായത്രി മോഹൻ തന്റെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടൻ സംസാരിച്ചു.

അവന്റെ ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു. പെങ്ങൾമാരെയൊക്കെ അയച്ചു. വീടൊക്കെ വെച്ചു. ഇനി അവനൊരു പെൺകുട്ടിയെ നോക്കണം എന്ന് അമ്മ അടുത്ത് താമസിക്കുന്ന ചേച്ചിയോട് പറഞ്ഞു. അവർ പോയി ഈ പെൺകുട്ടിയു‌ടെ വീട്ടിൽ പറഞ്ഞു. ഈ പെൺകുട്ടിക്ക് വേണ്ടിയല്ല പറയുന്നത്. ഇവരുടെ ബന്ധത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവിടെ പറയാനാണ്. ഒരു തമാശ പോലെ അവരുടെ വീട്ടിൽ അത് ആദ്യം വീഴുന്നു. എല്ലാവരും ചിരിച്ചു. പിന്നീട് കാര്യങ്ങൾ സീരിയസായി. ആ ചിരിയാണോ കാരണം എന്നറിയില്ല. അന്ന് ഫോണും കാര്യങ്ങളൊന്നും ഇല്ല. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞ് പുള്ളിക്കാരി റിസൽട്ടും പ്രതീക്ഷിച്ച് നിൽക്കുകയാണ്.

ആദ്യം തമാശയായെങ്കിലും പുള്ളിക്കാരി സീരിയസാണെന്ന് വീട്ടിൽ അവതരിപ്പിച്ചു. എതിർപ്പുകൾ വന്നു. എനിക്ക് ഭയങ്കരമായ താൽപര്യമുണ്ടെന്ന് അവൾ പറഞ്ഞപ്പോൾ അവരുടെ ഇഷ്ടപ്രകാരം വീട്ടുകാർ തീരുമാനിക്കുകയാണ് ചെയ്തത്. അന്ന് ഞാൻ അറേഞ്ച്ഡ് മാര്യേജിന് എതിരായി നിൽക്കുകയാണ്. ആ സമയത്ത് ചാനലിൽ നിന്ന് ലൗ ലെറ്റർ വരുന്ന കാലമാണ്. ചേട്ടന്റെ നീളക്കുറവാണ് എനിക്കിഷ്ടം എന്നൊക്കെയുള്ള റൂട്ട്. കുടുംബം ആലോചിച്ച് കല്യാണം കഴിപ്പിക്കുന്ന കാര്യം എന്റെ ചിന്തയിലേ ഇല്ലായിരുന്നെന്നും ​ഗിന്നസ് പക്രു പറയുന്നു.

ആലോചന ശരിയാണോ സത്യമാണോ എന്നറിയാൻ ആദ്യം വീട്ടുകാരെയാണ് വിട്ടത്. വീട്ടുകാർ പോയി വീടൊക്കെ കണ്ട് ഇവരോട് സംസാരിച്ചു. എന്നെ പറ്റി ചില ധാരണകളൊക്കെ കൊടുത്തു. ഞാൻ ചെന്ന് എന്റെ രണ്ട് മണിക്കൂർ ഇന്റർവ്യൂ ആയിരുന്നു. അതേക്കുറിച്ച് ഇപ്പോഴും ഭാര്യ പറയും. പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ലെന്ന്. കാരണം ഞാൻ പറഞ്ഞത് മുഴുവൻ എന്റെ നെ​ഗറ്റീവ് ആയിരുന്നെന്നും ​ഗിന്നസ് പക്രു വ്യക്തമാക്കി.

വീട്ടിൽ ദേഷ്യപ്പെടാറുണ്ടെന്നും ​ഗിന്നസ് പക്രു പറയുന്നു. മകളെ ഒന്ന് നോക്കുകയേ ഉള്ളൂ. ദേഷ്യപ്പെടില്ല. സമൂഹത്തിൽ ചിലർ നമ്മളെ തമാശക്കാരായി കാണുമെങ്കിലും അവർ അവരുടെ കുടുംബത്തിൽ എങ്ങനെയാണോ അത് പോലെയാണ് ഞാനും. ഒരിടത്തും ഒരു കോംപ്രമെെസും ഇല്ല. ഉത്തരവാദിത്തമുള്ള അച്ഛനും ഭർത്താവുമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും. അവിടെ നിന്ന് എന്തെങ്കിലും കുഴപ്പം വന്നാൽ കാര്യങ്ങളൊക്കെ പറയും. പെട്ടിത്തെറിക്കലും ബഹളം വെക്കലുമൊന്നുമില്ലെന്ന് ​ഗിന്നസ് പക്രു പറയുന്നു.

വിവാഹം കഴിഞ്ഞിട്ട് 18 വർഷമാകുന്നു. അവളുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കൾ പോലും വിവാഹത്തിന്റെ പേരിൽ ഭയങ്കരമായ കുത്തുവാക്കുകൾ പറഞ്ഞിരുന്നു. പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ചിലർ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്. പക്ഷെ അതെല്ലാം ഞാൻ കുറേ വർഷം കഴിഞ്ഞാണ് അറിയുന്നത്. കാരണം എന്നോട് പറഞ്ഞാൽ എനിക്ക് വിഷമമായെങ്കിലോ. ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്നും ​ഗിന്നസ് പക്രു വ്യക്തമാക്കി.

വിവാഹശേഷം കുഞ്ഞുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ അവിടെയും ദൈവം തനിക്കൊപ്പം നിന്നു. ആദ്യത്തെ കുട്ടി നഷ്ടപ്പെട്ടപ്പോൾ ഭയങ്കര പ്രശ്നമായി. മകൾ ജനിച്ചപ്പോൾ ആ കുട്ടി തന്നെ തിരിച്ച് വന്ന പോലെയാണ് തനിക്ക് തോന്നിയതെന്നും ​ഗിന്നസ് പക്രു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *