‘വേണ്ട, ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു, പ്രൊഡ്യൂസറോട് അഡ്വാൻസ് വാങ്ങിയിട്ടാണ് മുകേഷ് അങ്ങനെ പറഞ്ഞത്’; തുളസിദാസ്

ഒരുപിടി ഹിറ്റ് സിനിമകൾ മലയാള സിനിമാ ലോകത്ത് സൃഷ്ടിച്ച സംവിധായകനാണ് തുളസിദാസ്. മിമിക്‌സ് പരേഡ്, കാസർകോഡ് കാദർ ഭായ് തുടങ്ങിയവ തുളസിദാസിന്റെ ഹിറ്റ് സിനിമകളാണ്. സിദ്ദിഖ്, ജഗദീഷ്, ബൈജു തുടങ്ങിയവരെയെല്ലാം കേന്ദ്രകഥാപാത്രമാക്കി തുളസിദാസ് സംവിധാനം ചെയ്ത സിനിമയാണ് മിമിക്‌സ് പരേഡ്.

1991 ൽ പുറത്തിറങ്ങിയ സിനിമ മികച്ച വിജയം നേടി. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് തുളസിദാസിപ്പോൾ. ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചത് മുകേഷിനെയാണ് തുളസിദാസ് പറയുന്നു. എന്നാൽ മുകേഷിൽ നിന്നുമുണ്ടായ സമീപനമാണ് നടനെ പകരം സിദ്ദിഖിനെ നായകനാക്കിയതിന് കാരണമെന്നും ഇദ്ദേഹം വ്യക്തമാക്കി. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

കൗതുകവാർത്ത കഴിഞ്ഞപ്പോൾ തന്നെ മുകേഷിനോട് അടുത്തൊരു പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ശേഷം പാരലൽ കോളേജ് എന്ന സിനിമ ചെയ്തു. അവിടെ വെച്ചിട്ടാണ് കലൂർ ഡെന്നിസും ബഷീറിക്കയും ഒരു പടം ചെയ്യാൻ എന്റെയടുത്ത് വന്നത്. ഒരു അഡ്വാൻസ് തന്നു. ഞാനും ഡെന്നിച്ചനും ഏത് കഥ എടുക്കാമെന്ന് ചർച്ച ചെയ്തു. മിമിക്‌സ് പരേഡ് കഥയാക്കാം എന്ന് തീരുമാനിച്ചു. നേരെ പോയത് മുകേഷിന് അടുത്താണ്. ഞാനും ഡെന്നിച്ചനും പ്രൊഡ്യൂസറും. പ്രൊഡ്യൂസറുടെ കൈയിൽ വളരെ തുച്ഛമായ പൈസയേ ഉള്ളൂ. അത് കൂടെ പറഞ്ഞു. പ്രതിഫലം കൂടുതൽ വേണമെന്ന സംസാരം മുകേഷിൽ നിന്നും വന്നു.

ഈ ഡേറ്റ് തരാം, ഒരുപക്ഷെ ഈ ഡേറ്റിൽ സിദ്ദിഖ് ലാലോ സത്യൻ അന്തിക്കാടോ വിളിച്ചാൽ ഞാൻ പോകുമെന്ന് പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. എന്റെ പ്രൊഡ്യൂസറോട് അഡ്വാൻസ് വാങ്ങിയിട്ടാണ് മുകേഷ് അവർ വിളിച്ചാൽ പോകുമെന്ന് പറഞ്ഞത്. ഞാൻ മോശമായി സംസാരിച്ചു. അതിനേക്കാൾ മോശമായി ഡെന്നിച്ചനും സംസാരിച്ചു. മുകേഷ് വേണ്ട, ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു. പ്രൊഡ്യൂസർ ആകെ ടെൻഷനായി. പതിനാറ് ലക്ഷം രൂപയ്ക്ക് ഡിസ്ട്രിബ്യൂഷൻ പറഞ്ഞ് വെച്ച പ്രൊജക്ട് ആണ്. അങ്ങനെ മുകേഷിന്റെ സ്ഥാനത്ത് സിദ്ദിഖിനെ തീരുമാനിച്ചു. ഡിസ്ട്രീബ്യൂഷനിൽ നിന്നും രണ്ട് ലക്ഷം രൂപ കുറച്ചു.

അങ്ങനെയാണ് ആ പടം ചെയ്തത്. മുകേഷുമായി സംസാരിച്ച് താൻ കോംപ്രമൈസ് ചെയ്യാമെന്ന് സിദ്ദിഖ് പറഞ്ഞതാണ്. അത് വേണ്ടെന്ന് പറഞ്ഞപ്പോൾ സിദ്ദിഖ് എന്നോട് ചോദിച്ചത് നമ്മൾ ചെറിയ റോൾ ചെയ്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നു, നമ്മുടെ കഞ്ഞിയിൽ പാറ്റ ഇടണോ എന്നാണ്, സിദ്ദിഖിന് വിശ്വാസമില്ലെങ്കിൽ മാറിക്കോ വേറെ ആരെയെങ്കിലും നോക്കാമെന്ന് താൻ മറുപടി നൽകിയെന്നും തുളസിദാസ് വ്യക്തമാക്കി.

അതേസമയം പിന്നീട് ഇവർ തമ്മിലുള്ള പിണക്കം അവസാനിക്കുകയും ഒരുമിച്ച് സിനിമകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കരിയറിൽ വിജയപരാജയങ്ങൾ തുളസിദാസിന് ഒരുപോലെ വന്നിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ചെയ്ത മിസ്റ്റർ ബ്രഹ്‌മചാരി എന്ന സിനിമയുൾപ്പെടെ പരാജയപ്പെടുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *