‘എന്റെ മുഖത്ത് പ്രണയവും നാണവും വരില്ല; ഒരു പെണ്ണിനെ പോലെ നടക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’; പ്രിയാമണി പറയുന്നു

പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് പ്രിയാമണി. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ മൈദാന്റെ പ്രമോഷനിലാണ് പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പമാണ് പ്രിയാമണി അഭിനയിക്കുന്നത്. മലയാളത്തില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍, നേര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയാമണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയവും നാണവും സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് താരം പറയുന്ന വാക്കുകള്‍ വൈറല്‍ ആവുകയാണ്. തനിക്ക് നാണം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ ഭാരതിരാജ തന്നോട് പ്രണയ രംഗങ്ങളില്‍ ഒരു സ്ത്രീയെ പോലെ നടന്ന് വരണമെന്ന് പറഞ്ഞിരുന്നതായും പ്രിയാമണി പറയുന്നു. ‘എനിക്ക് പൊതുവെ നാണം അവതരിപ്പിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എപ്പോഴും ധൈര്യമുള്ള, പറയാനുള്ള കാര്യങ്ങള്‍ പറയുന്ന പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒക്കെ എളുപ്പമാണ്. കരയുന്നതുപോലെയുള്ള വൈകാരികമായ സീനുകള്‍ ചെയ്യുന്നതിനും എനിക്ക് സാധിക്കും പക്ഷെ, പ്രണയം, നാണം തുടങ്ങിയ വികാരങ്ങള്‍ ഒക്കെ വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്,’ എന്ന് പ്രിയാമണി പറയുന്നു. ആദ്യഘട്ടങ്ങളിലെ തമിഴ് സിനിമ മുതല്‍ ഞാന്‍ ഇത് അനുഭവിക്കുന്നുണ്ട്. സംവിധായകന്‍ ഭാരതിരാജ സര്‍ ആണെന്റെ ആദ്യത്തെ ഗുരു. അദ്ദേഹം എപ്പോഴും പറയും, ഒരു സ്ത്രീയെ പോലെ നടക്കൂ. പക്ഷെ ഞാന്‍ എന്നെ കൊണ്ടാവുന്ന പോലെ നടക്കുന്നുണ്ടെന്നും ഇങ്ങനെയാണ് ഞാന്‍ നടക്കുക എന്നുമാണ് അന്ന് അദ്ദേഹത്തോട് പറഞ്ഞത്.

‘പക്ഷെ അദ്ദേഹം അത് സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിയെ പോലെ നടക്കൂ എന്ന് തന്നെ പറയും, അദ്ദേഹം തന്നെ കാണിച്ച് തരും എങ്ങനെയാണ് നാണം കാണിക്കേണ്ടത് എന്നെല്ലാം. എനിക്കിതൊന്നും വരില്ല സര്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് പലതവണ പറഞ്ഞിട്ടുണ്ട്. ഒരു പ്രൊപ്പോസല്‍ സീനോ ഒരു ആണ്‍കുട്ടി വന്നിട്ട് ഐ ലവ് യൂ എന്ന് പറയുന്ന സീനിലോ ഒന്നും എനിക്ക് ഇപ്പോഴും നാണം എന്ന് പറയുന്ന വികാരം വരില്ല,’ പ്രിയാമണി പറയുന്നു.

താന്‍ കളിച്ചതും വളര്‍ന്നതുമൊക്കെ ആണ്‍കുട്ടികളുടെ കൂടെയാണ്. അവരുടെ കൂടെ ഒളിച്ച് കളിച്ചിട്ടും അവരുടെ കൂടെ ഓടിക്കളിച്ചിട്ടും ഒക്കെയുണ്ട്. തന്റെ സഹോദരനെ ഉപദ്രവിച്ച ആണ്‍കുട്ടികളെ ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ മുഖത്ത് ആ വികാരം വരുത്തിക്കാന്‍ ബുദ്ധിമുട്ടാണ്. തനിക്ക് നാണം വരില്ല എന്ന് പറയുന്നില്ല. പക്ഷെ സാധാരണ നാണം കാണിക്കല്‍ ഒന്നും തന്റെ രീതിയല്ല എന്നും പ്രിയാമണി പറയുന്നു.

സംവിധായകരോട് പറയാറുണ്ട്, എനിക്ക് നിങ്ങള്‍ ഇതിലേക്ക് സെറ്റാവാന്‍ സമയം തരണം. ഇനി ഇങ്ങനെ ചെയ്യുന്നത് നന്നായാല്‍ തന്നെ, അത് സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ഞാന്‍ ആണെന്ന് തോന്നുകയേ ഇല്ല. വീട്ടുകാര്‍ അടക്കം ചോദിക്കും, നീ എങ്ങനെയാണ് ഇത് ചെയ്തത് എന്നൊക്കെ. എന്റെ ഭര്‍ത്താവ് കണ്ടാല്‍ തന്നെ ആദ്യം ചിരിക്കും എന്നിട്ട് എന്താ ചെയ്ത് വെച്ചിരിക്കുന്നത് എന്ന് ചോദിക്കുമെന്നും പ്രിയാമണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *