‘കേരളത്തിൽ ആർക്കും എന്റെ വ്യക്തി ജീവിതം അറിയില്ല’; ഉണ്ണി മുകുന്ദൻ

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങൾ നീണ്ട കരിയറിൽ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അർഹമായ അം​ഗീകാരം സിനിമാ രം​ഗത്ത് ലഭിച്ചത്. കരിയറിന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് സംസാരിക്കാറുണ്ട്.

വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് നടൻ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു അഭിമുഖത്തിലാണ് പ്രതികരണം. തനിക്കുണ്ടായ നല്ല പ്രണയങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കരിയറിനാണ് എന്നും പ്രാധാന്യം നൽകിയത്. ബ്രേക്കപ്പുണ്ടായിട്ടില്ല. വഴക്കുണ്ടായി പിരിയുമെന്നാെക്കെ കേട്ടിട്ടുണ്ട്. പക്ഷെ താൻ വഴക്കില്ലാതെയാണ് പിരിഞ്ഞത്. കരിയറിനാണ് പ്രാധാന്യം എന്ന് എപ്പോഴും അറിയാമായിരുന്നു.

ഒരിക്കൽ കരുതൽ കൊടുത്ത ആളുമായി എങ്ങനെ വഴക്കടിക്കുന്നു എന്നെനിക്ക് മനസിലായിട്ടില്ല. എന്റെ എക്സ്പെക്ടേഷൻ വളരെ സിംപിളാണ്. സമാധാനപരമായ ജീവിതമാണ് വേണ്ടത്. വിവാഹത്തെക്കുറിച്ച് ഒരുപാട് പേർ ചോദിക്കാറുണ്ട്. എനിക്ക് തിരക്കില്ല. സമയം ഒരുപാട് ഉള്ളവരാണ് അങ്ങനെയൊക്കെ ചിന്തിക്കുക. എന്റെ ജീവിതത്തിൽ അങ്ങനെയൊരു മിസ്സിം​ഗ് പോയന്റ് ഉള്ളതായി തോന്നുന്നില്ല. അതും യോ​ഗമാണെന്ന് വിശ്വസിക്കുന്നു. ഒന്ന് നിങ്ങൾക്ക് വിധിച്ചിട്ടില്ലെങ്കിൽ അത് നട‌ക്കില്ല.

വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഒരു യുദ്ധം പോലെയായിരുന്നു എനിക്കെന്റെ കരിയർ. ഇപ്പോളഴാണ് കുറച്ചൊന്ന് റിലാക്സ് ആയത്. അപ്പോഴാണ് ആവശ്യമില്ലാത്ത വിവാദങ്ങൾ വന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. എന്നെ സ്നേഹിക്കുന്നു എന്നും വെറുക്കുന്നു എന്നും പറയുന്നവരെ എനിക്ക് നിയന്ത്രിക്കാൻ പറ്റില്ല. ആകെ നിയന്ത്രിക്കാൻ പറ്റുന്നത് സിനിമകളാണ്. എന്റെ സിനിമളിലൂടെയാണ് ഇവരെന്നെ ഇഷ്‌ടപ്പെടാനും വെറുക്കാനും പോകുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ‌ കേരളത്തിൽ ആർക്കും അറിയില്ല.

2012 മുതലാണ് സിനിമകളിൽ കയറിയത്. ഉണ്ണിയെന്ന വ്യക്തിയെ കൂടുതൽ എക്സ്പോസ് ചെയ്യാനും ആ​ഗ്രഹിക്കുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. 36 കാരനായ ഉണ്ണി മുകുന്ദൻ വിവാഹിതനാകാത്തതിനെക്കുറിച്ച് അഭിമുഖങ്ങളിൽ എപ്പോഴും ചോദ്യം വരാറുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് നടൻ തുറന്ന് സംസാരിക്കുകയുമുണ്ടായി. ഒരു പ്രായം വരെ സിം​ഗിളാണെന്ന് പറയുന്നത് രസമാണ്. എന്നാൽ ഈ പ്രായത്തിലും സിം​ഗിളാണെങ്കിൽ ട്രാജഡിയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

അടുത്ത കാലത്ത് ഒന്നിലേറെ വിവാദങ്ങളിൽ ഉണ്ണി മുകുന്ദൻ അകപ്പെട്ടിട്ടുണ്ട്. നടൻ‌റെ സിനിമകൾക്ക് പിന്നിൽ പ്രൊപ്പ​ഗാന്റ ഉണ്ടെന്നാണ് ഉയർന്ന് വന്ന ആക്ഷേപം. മേപ്പടിയാൻ എന്ന സിനിമയ്ക്ക് ശേഷമാണ് ഇത്തരമാെരു ആക്ഷേപം വന്നത്. പിന്നീട് നടത്തിയ ചില പരാമർശങ്ങളും വിനയായി. കഴിഞ്ഞ ദിവസങ്ങളിലായി നൽകുന്ന അഭിമുഖങ്ങളിൽ ഇതിനെതിരെ ഉണ്ണി മുകുന്ദൻ സംസാരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *