‘അന്ന് കളിയാക്കുകയാണോ എന്നാണ് ചോദിച്ചത്; പിന്നാലെ മാമുക്കോയ സെറ്റിൽ സീരിയസായി”; കമൽ

സംവിധായകൻ കമലിന് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് പെരുമഴക്കാലം. മീര ജാസ്മിനും കാവ്യ മാധവനും മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷമാണ് മാമുക്കോയ ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിൽ വളരെ ഗൗരവമുള്ള കഥാപാത്രമായി നടൻ മാമുക്കോയ അബ്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് കമൽ. കൗമുദി മൂവീസിനോടാണ് അദ്ദേഹം സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

പെരുമഴക്കാലം എന്ന സിനിമ ചെയ്യുന്ന സമയത്ത് റസിയ എന്ന കഥാപാത്രത്തിന്റെ ഉപ്പയായി ഒരാൾ വേണമായിരുന്നു. സ്വാഭാവികമായും മനസിൽ ആദ്യം വന്നത് നെടുമുടി വേണുവിന്റെ പേരാണ്. അദ്ദേഹമാണല്ലോ ഇങ്ങനത്തെ കഥാപാത്രങ്ങൾ എല്ലാം ചെയ്യാറ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ആലോചിച്ചു. കോഴിക്കോട് നടക്കുന്ന കഥയാണ്. അപ്പോൾ കോഴിക്കോട് ഭാഷ സംസാരിക്കുന്ന ഉപ്പയുണ്ടെങ്കിൽ നന്നായിരിക്കില്ലേ എന്ന് ചിന്തിച്ചു.

മാമുക്കോയ നല്ല സജസഷനാണ്. പക്ഷെ അത്രയും സീരിയസായ കഥാപാത്രം അദ്ദേഹം ചെയ്യുമോ എന്ന് അറിയില്ലെന്ന സംശയം ടി എ റസാക്ക് പങ്കുവെച്ചു. എന്നാൽ അദ്ദേഹം ചെയ്യുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ മാമുക്കോയയെ വിളിച്ചു. അദ്ദേഹം ഹോട്ടൽ മഹാറാണിയിലെത്തി. ആദ്യം കഥപറയാൻ പോയപ്പോൾ തന്നെ മാമുക്കോയ പറഞ്ഞു, കമലിന്റെയും റസാക്കിന്റെയും സിനിമയിൽ ഞാൻ എന്ത് കഥ കേൾക്കാനാണ് എന്ന്.

പക്ഷെ കഥ കേൾക്കണം. കേട്ടിട്ട് ചെയ്യാൻ പറ്റുമോ എന്ന് പറയണമെന്ന് ഞാൻ മാമുക്കോയയോട് കഥ പറഞ്ഞു. അങ്ങനെ മാമുക്കോയയോട് കഥ പറഞ്ഞു. കഥ മുഴുവൻ കേട്ടിട്ട് അദ്ദേഹം ഇതിലെവിടെയാണ് എന്റെ റോൾ എന്ന് അദ്ദേഹം ചോദിച്ചു. റസിയയുടെ ഉപ്പയുടെ കഥാപാത്രമാണെന്ന് പറഞ്ഞു. അത് കേട്ടപാടെ ‘അള്ളോ’ എന്നാണ് ആദ്യം മാമുക്കോയ പറഞ്ഞത്. കമലെന്നെ കളിയാക്കുകയാണോ എന്നാണ് ചോദിച്ചത്.

ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ആൾക്കാർ അത് സീരിയസ് ആയിട്ട് എടുക്കുമോ തമാശയായിട്ടല്ലേ കാണുക. അപ്പോൾ ഞാൻ മാമുക്കോയയോട് പറഞ്ഞു, മാമുക്ക, ജീവിതത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുക്കുമ്പോൾ അയാൾക്ക് തമാശ വേണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് നമ്മളല്ലേ. മാമുക്കോയ ഒരു നടനാണ്. നിങ്ങൾക്ക് ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹത്തോട് പറഞ്ഞു.

എനിക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നില്ല. കമലിന് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മനസുകൊണ്ട് ഉപ്പയാവാൻ തയ്യാറാൽ മതിയെന്ന് പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് അദ്ദേഹത്തിന് ധൈര്യം നൽകുകയായിരുന്നു. പിന്നെ എല്ലാ ദിവസവും മാമുക്കോയ എന്നെ വിളിക്കും. അല്ല ഉറപ്പ് തന്നെയല്ലേ… ഞാൻ തന്നെയല്ലേ… മാറ്റിയിട്ടൊന്നുമില്ലല്ലോ. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നൊക്കെ പറയും പുള്ളി.

കാരക്ടർ ആവാൻ താടി വടിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, ഞാൻ കുറ്റിത്താടി മതിയെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ലൊക്കേഷനിൽ വന്നു. സെറ്റിൽ എപ്പോഴും തമാശ പറയുന്ന മാമുക്കോയ അവിടെ വന്നിട്ട് തമാശയെ പറയുന്നില്ല. സീരിയസായിട്ട് ഇരിക്കുകയായിരുന്നു. ഷോട്ട് വരുമ്പോൾ അഭിനയിക്കും പോകും അങ്ങനെയായിരുന്നു.

മാമുക്ക എന്താണ് ഇത്ര സീരിയസ് ആയിട്ട് ഇരിക്കുന്നത് ഇത്ര ഗൗരവമൊന്നും വേണ്ട, ക്യാമറയ്ക്ക് മുന്നിൽ മാത്രം മതിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഈ ഹോളിവുഡ് നടന്മാർ ഒക്കെ ചെയ്യുന്നത് പോലെ കാര്കടർ ആയതാണെന്ന് പറഞ്ഞു. ആ സിനിമ കഴിയുന്നത് വരെയും മാമുക്കോയ ഏകദേശം അതുപോലെ കഥാപാത്രമായി തന്നെയായിരുന്നു സെറ്റിൽ ഇരുന്നത്.

മാമുക്കോയക്ക് വലിയ അംഗീകാരം കിട്ടിയ സിനിമ കൂടിയായിരുന്നു ഈ ചിത്രം. കരിയറിലും ഏറെ ശ്രദ്ധേയമായ റോൾ ആയിരുന്നു പെരുമഴക്കാലത്തിലെ ഉപ്പയുടെ റോൾ.

ആ വർഷത്തെ മറ്റു സാമൂഹിക വിഷയങ്ങളിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പെരുമഴക്കാലത്തിന് കിട്ടി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും പെരുമഴക്കാലം വാരിക്കൂട്ടിയിരുന്നു. മികച്ച നടിയായി കാവ്യ മാധവനും, മികച്ച കഥയ്ക്കുള്ള അവാർഡ് ടി എ റസാക്കിനും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *