പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി: കൽപ്പനയെക്കുറിച്ച് മകൾ ശ്രീമയി

മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് കൽപ്പന. കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ സഹോദരിയെ പോലെയാണ് താൻ കണ്ടതെന്ന് ശ്രീമയി പറയുന്നു.

ഞാൻ മീനുവുമായി (കൽപ്പന) അത്രയും ക്ലോസ് അല്ലായിരുന്നു. മുത്തശ്ശിയുമായാണ് അടുപ്പം. ജനിച്ചപ്പോൾ മുതൽ അവർക്കൊപ്പമായിരുന്നു. ഞാൻ ജനിച്ച് മൂന്ന് മാസത്തിനുള്ളിൽ മീനു ഷൂട്ടിം​ഗിന് പോയി. മുത്തശ്ശിയെ വിശ്വസിച്ച് എന്നെ അവരുടെ കൈയിൽ കൊടുത്തു. ​ഗർഭിണിയായി 9 മാസവും മീനു അഭിനയിച്ചിരുന്നു. അവരുടെ ലോകമേ സിനിമയാണ്. വീട്ടിൽ ഇരിക്കുന്നത് ഇഷ്ടമല്ല. വേറെ ഒന്നും ചെയ്യാനും അറിയില്ല. മീനു മരിച്ചതിന്റെ വേദന ഉണ്ടായിരുന്നു. എന്നാൽ എനിക്ക് വലിയ സപ്പോർട്ട് സിസ്റ്റം ഒപ്പമുണ്ടായിരുന്നു.

ബന്ധുക്കൾ ഒപ്പമുണ്ടായതിനാൽ മീനു ഇല്ലെന്ന് എനിക്ക് തോന്നില്ല. അമ്മൂമ്മ അവരുടെ മകളെ പോലെയാണ് എന്നെ വളർത്തിയത്. വേദനയുണ്ടാകും, പക്ഷെ ആഴത്തിൽ അത് ബാധിക്കാൻ അവർ അനുവദിച്ചില്ല. അമ്മ മരിക്കുമ്പോൾ താൻ 11ാം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും ശ്രീമയി വ്യക്തമാക്കി. മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടി. അമ്മ ഷൂട്ടിം​ഗിന് പോയെന്നാണ് താനും വീട്ടുകാരും ഇപ്പോഴും കരുതുന്നതെന്നും ശ്രീമയി വ്യക്തമാക്കി. അമ്മയെയും സഹോദരിമാരായ ഉർവശിയെയും കലാ രഞ്ജിനിയെയും ചേച്ചിയെന്നാണ് കുട്ടിക്കാലത്ത് വിളിച്ചതെന്ന് ശ്രീമയി പറയുന്നു.

എന്നാൽ എന്താണ് ചേച്ചി എന്ന് വിളിക്കുന്നതെന്ന് പലരും ചോദിച്ചു. അതോടെ ഇവരെ കാർത്തു, മീനു, പൊടിയമ്മ എന്ന് വിളിക്കാൻ തുടങ്ങി. ഞങ്ങൾ സഹോദരിമാരെ പോലെയായിരുന്നു. അമ്മൂമ്മയെയാണ് ഞങ്ങൾ അമ്മയായി കണ്ടതെന്നും അമ്മേയെന്ന് വിളിച്ചതെന്നും ശ്രീമയി വ്യക്തമാക്കി. മിനുവിന്റെ മരണ ശേഷം മദർ ഫി​ഗറായി കാർത്തുവും പൊടിയമ്മയും കടന്ന് വന്നു. പ്രത്യേകിച്ചും കാർത്തു എല്ലാ കാര്യത്തിനും എനിക്കൊപ്പം നിന്നു.

മിനു എനിക്ക് അമ്മയെ പോലെ ആയിരുന്നില്ല. സഹോദരിയെ പോലെയായിരുന്നു. ഒരു ഘട്ടത്തിൽ കാർ‍ത്തു തനിക്കും കസിൻസിനുമെല്ലാം അമ്മയായി മാറിയെന്നും ശ്രീമയി വ്യക്തമാക്കി. പ്രസവിച്ചാൽ മാത്രം അമ്മയാവില്ലെന്ന് അമ്മൂമ്മ ഞങ്ങൾക്ക് പറഞ്ഞ് തരും. അമ്മയെ പോലെ തന്നെയും കസിൻസിനെയും വളർത്തിയത് അമ്മൂമ്മയാണെന്നും ശ്രീമയി വ്യക്തമാക്കി.

ഒരു മാസത്തിൽ കൂടിയാൽ ഒരാഴ്ചയാണ് മീനുവിനെയും കാർത്തുവിനെയും പൊടിയമ്മയെയും കണ്ടിരുന്നത്. അതിന് മുകളിൽ കാണാൻ പറ്റില്ല. കാരണം അവരുടെ റോൾ അവർ തന്നെ ചെയ്യണം. പകരം വേറെ ആരും ഇല്ല. അവർ തിരക്കുള്ളവരാണെന്ന് ചെറിയ പ്രായത്തിലേ തങ്ങൾക്ക് മനസിലായി. ഇവരെ ടിവിയിൽ കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനമായിരുന്നെന്നും ശ്രീമയി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *