‘അമ്മ’ സംഘടനയ്ക്കുള്ളിൽ മാറ്റങ്ങൾ; ഇടവേള ബാബു ഒഴിയുന്നു,മോഹൻലാലും മാറും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വൻ മാറ്റങ്ങൾക്ക് സാദ്ധ്യതയെന്ന് സൂചന. കഴിഞ്ഞ 25 വർഷത്തോളമായി അമ്മ സംഘടനയിൽ വിവിധ പദവികൾ നയിച്ച ഇടവേള ബാബു ഭാരവാഹിയാകാൻ ഇല്ലെന്ന നിലപാട് എടുത്തെന്നാണ് റിപ്പോർട്ട്. നിലവിൽ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ജൂൺ 30ന് ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവിൽ സംഘടനയിൽ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂൺ മൂന്ന് മുതൽ പത്രികകൾ സ്വീകരിച്ച് തുടങ്ങും. കാൽ നൂറ്റാണ്ടുകാലത്തോളം അമ്മയെ നയിച്ച ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകത. താൻ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാറ്റം അനിവാര്യമാണെന്നും ഞാൻ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ആൾക്കാർ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകൾക്ക് മുന്നിൽ തീരുമാനം മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *