അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ തബുവിന് ലഭിച്ചു. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ സിനിമകളിലൂടെയാണ് തബു മലയാളികൾക്ക് പ്രിയങ്കരിയായത്. ഹിന്ദി സിനിമകളിലാണ് അന്നും ഇന്നും തബുവിനെ തേടി മികച്ച കഥാപാത്രങ്ങൾ വന്നത്. ഒടുവിൽ പുറത്തിറങ്ങിയ ക്രൂ എന്ന സിനിമ മികച്ച വിജയം നേടി.
സംവിധായകൻ പ്രിയദർശന്റെ സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്. കാലാപാനി, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഹിന്ദിയിൽ വിരസത് എന്ന പ്രിയദർശൻ ചിത്രത്തിൽ തബു ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് തബു. എണ്ണ തേച്ച വില്ലേജ് ലുക്കാണ് പ്രിയന് വേണ്ടത്. മുടിയിൽ എണ്ണമയം തോന്നാൻ കുറച്ച് ജെൽ തേക്കാൻ ഹെയർസ്റ്റൈലിസ്റ്റ് പറഞ്ഞു.
സെറ്റിൽ പോയപ്പോൾ തലയിൽ എണ്ണ തേക്കാൻ പറഞ്ഞതല്ലേ എന്ന് പ്രിയൻ ചോദിച്ചു. അതെ കുറച്ച് എണ്ണയുണ്ട്. തിളക്കം വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. പ്രിയൻ പിറകിലൂടെ ഒരു കുപ്പി വെളിച്ചെണ്ണയുമായി എത്തി അത് മുഴുവൻ എന്റെ തലയിൽ ഒഴിച്ചു. എണ്ണ തേക്കുക എന്നത് കൊണ്ട് ഇതാണ് താൻ ഉദ്ദേശിച്ചതെന്ന് പ്രിയദർശൻ പറഞ്ഞെന്നും തബു ഓർത്തു. ഇത് തന്നെ സംബന്ധിച്ച് മേക്കപ്പ് എളുപ്പമാക്കിയെന്ന് തബു പറയുന്നു. ഹെയർസ്റ്റൈൽ ചെയ്യേണ്ട കാര്യമില്ല.
അഞ്ച് മിനുട്ടിനുള്ളിൽ റെഡിയാകും. എണ്ണ തേച്ച് മുടി മടഞ്ഞ് സെറ്റിൽ പോയാൽ മതിയായിരുന്നെന്നും തബു പറയുന്നു.