നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല; ഒരു വേള ഓർത്തുമില്ല:മീരയേക്കുറിച്ച് ഇർഷാദ്

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംനേടിയ നടനാണ് ഇർഷാദ്. തന്റെ സോഷ്യൽ മീഡിയാ പേജിൽ ഇർഷാദ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചിത്രവും ചലച്ചിത്ര പ്രേമികളിപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിപ്പുറം തന്റെ ഒരു നായികയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയനടി മീരാ ജാസ്മിനൊപ്പമുള്ള ചിത്രമാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. 2003-ൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ നായകനും നായികയുമായിരുന്നു ഇർഷാദും മീരയും. ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ട അവസരത്തിലാണ് പഴയ താരജോഡികൾ വീണ്ടും കണ്ടുമുട്ടിയത്. പാഠം രണ്ട് ഒരു സല്ലാപം എന്ന തലക്കെട്ടിലാണ് ഇർഷാദ് ചെറുകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി……. അഭ്രപാളി തന്നെയും അടർന്നു പോയ്……. ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല….. ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖി ൻ്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല…” ഇർഷാദിന്റെ വാക്കുകൾ.

സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രമായിരുന്നു പാഠം ഒന്ന്: ഒരു വിലാപം. ഷാഹിന എന്ന വേഷത്തിലെത്തിയ മീരാ ജാസ്മിന് അത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രമാണ് മീര നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *