ഫോൺ എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; അമിതാഭ് ബച്ചനെക്കുറിച്ച് ജയാ ബച്ചൻ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. കോൻ ബനേഗ ക്രോർപതിയുടെ എപ്പിസോഡിൽ വീഡിയോ കോൺഫറൻസിലൂടെ ജയ അതിഥിയായി എത്തിയിരുന്നു. ജയയുടെയും അമിതാഭ് ബച്ചന്റെയും മകൾ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് എപ്പിസോഡിൽ പങ്കെടുത്തത്.

അമിതാഭ് ബച്ചന് ഏഴോളം മൊബൈൽ ഫോളുകൾ ഉണ്ടെന്നും എന്നാൽ വിളിച്ചാൽ കോളെടുക്കില്ലെന്നും ജയ ആരോപിച്ചു. എത്ര വിളിച്ചാലും കോളെടുക്കില്ല. ദേഷ്യം വരും. അദ്ദേഹം വീട്ടിൽ ഇല്ലാത്തപ്പോൾ എന്തെങ്കിലും പ്രശ്നം നടന്നാൽ ദേഷ്യത്തോടെ ചോദിക്കും, എന്തുകൊണ്ട് തന്നോട് അത് നേരത്തേ പറഞ്ഞില്ലെന്ന് പറഞ്ഞ്. വിളിക്കുമ്പോൾ ഫോൺ എടുത്താൽ അല്ലേ പറയാനാകൂ- ജയ പറഞ്ഞു.

നവ്യയും രസകരമായ ഒരു സംഭവം പങ്കുവച്ചു. ഒരിക്കൽ ജയ ഒരു യാത്രപോയി. തിരികെ വരുന്ന അവസരത്തിൽ താൻ വിമാനം കയറിയെന്ന് പറഞ്ഞ് കുടുംബത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശമിട്ടു. ജയ വീട്ടിലെത്തി നാല് മണിക്കൂറിന് ശേഷമാണ് ബച്ചൻ ഈ സന്ദേശം കണ്ടത്. എന്നിട്ട് ശരിയെന്ന് പറഞ്ഞ് മറുപടിയും ഇട്ടു.

നെറ്റ് വർക്ക് ഇല്ലാത്തത് കൊണ്ടാണ് താൻ മറുപടി നൽകാതിരുന്നത് എന്ന് ബച്ചൻ ന്യായീകരിച്ചു. അതിന് മറുപടിയുമായി ശ്വേത പറഞ്ഞതിങ്ങനെ, അദ്ദേഹം ഈ സമയമെല്ലാം ഓൺലൈനിൽ ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയോ ബ്ലോഗ് എഴുതുകയോ ചെയ്യും. പിന്നെ എങ്ങിനെയാണ് നെറ്റ് വർക്ക് ഇല്ലാതാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *