ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല; രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി രഞ്ജിനി. മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി വ്യക്തമാക്കി. രഞ്ജിനി നൽകിയ ഹർജിയെ തുടർന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന് അറിയിച്ചിരുന്നു.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാനുൾപ്പെടെയുള്ള സ്ത്രീകൾ മൊഴി കൊടുത്തിട്ടുണ്ട്. നാല് വർഷമാണ് റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇരുന്നത്. ഞങ്ങൾ കൊടുത്ത മൊഴിയുടെ വിശദാംശങ്ങൾ സംബന്ധിച്ച് യാതൊന്നും ഞങ്ങൾക്കറിയില്ല. അത് കാണണമല്ലോ. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കുമ്പോൾ പോലും അവർ വായിച്ച് കേൾപ്പിച്ച ശേഷമാണ് ഒപ്പിടുന്നത്.

അങ്ങനെയിരിക്കെയാണ് ഞങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടുന്നത്. എനിക്ക് റിപ്പോർട്ട് കിട്ടണം. താൽപര്യത്തിന് പിന്നിൽ മറ്റ് പ്രേരണയൊന്നുമില്ല. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്’, രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പരിശോധിക്കാൻ അനുവദിക്കണമെന്ന നടി രഞ്ജിനിയുടെ ആവശ്യം ന്യായമാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്ത ആളാണ് രഞ്ജിനിയെന്നും അതിനാൽ അത് പരസ്യപ്പെടുത്തുന്നതിന് മുൻപ് അവർക്ക് അത് പരിശോധിക്കാൻ അവകാശമുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചത്. ആരും ആശങ്കപ്പടേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. കോടതി രഞ്ജിനിയുടെ ഹർജി തള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സതീദേവി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *