ഓണത്തിന് അമ്മമ്മയുടെ സ്പെഷൽ പായസം ഉണ്ടാകും… അടിപൊളി: അനശ്വര രാജൻ

യുവതാരം അനശ്വര രാജൻ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളും കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളും പങ്കുവയ്ക്കുകയാണ്: “കണ്ണൂർ ആലക്കാട് കോറത്താണ് ജനിച്ചതും വളർന്നതും. പക്കാ നാട്ടിൻപുറം. കുട്ടിക്കാലത്തെ ഓർമകൾ ഒരുപാടുണ്ട്. കുളത്തിൽ കുളിക്കാൻ പോകും. സന്ധ്യയായാലും ഞങ്ങൾ തിരിച്ചുകയറില്ല. അപ്പോൾ അമ്മ വടിയെടുത്തുവരും. മഴയത്തും മണ്ണിലും കളിച്ചിട്ടുണ്ട്. ഊഞ്ഞാലാടും. എത്രയോ തവണ ഊഞ്ഞാലിൽ നിന്ന് വീണിട്ടുണ്ട്. നാട്ടിൽ കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാൻ കോണ്‍മെന്‍റ് സ്കൂളിലാണ് പഠിച്ചത്. അതുകൊണ്ട് സ്കൂളിൽ വലിയ ഓർമകളൊന്നുമില്ല. നല്ല ഓർമകൾ എന്‍റെ നാട്ടിൽത്തന്നെയാണ്.

ഓണത്തിനു പൂപറിക്കാൻ ഞങ്ങൾ ഒരു വലിയ ഗ്രൂപ്പുതന്നെയുണ്ടാവും. ആണ്‍കുട്ടികൾ മരത്തിനു മുകളിലൊക്കെ കയറി പൂപറിക്കും. പെണ്‍കുട്ടികൾ വയലിൽ പോയി പറിക്കും. സ്കൂളിൽ ഓണപ്പൂക്കള മത്സരമുണ്ടാകും. ചേച്ചിമാരാണ് മത്സരിക്കുക.  ഞങ്ങൾ ചെറിയ കുട്ടികളല്ലേ. ഞങ്ങൾ ചേച്ചിമാരെ പൂപറിക്കാൻ സഹായിക്കും. നാട്ടിൽ അമ്മമ്മയുടെ സ്പെഷ്യൽ പായസം ഉണ്ടാവും. ഓണദിവസം കുടുംബത്തിലെ എല്ലാവരും ഒത്തുകൂടും. രാവിലെ അന്പലത്തിൽ പോകും. നാട്ടിലെ ഓണാഘോഷവും രസകരമാണല്ലോ.

ആറാം ക്ലാസ് മുതൽ ഞാൻ മോണോ ആക്ടിൽ പങ്കെടുക്കുമായിരുന്നു. ആദ്യ മത്സരത്തിൽ എനിക്ക് മൂന്നാം സമ്മാനം കിട്ടി. കാരണം മറ്റു കുട്ടികളൊക്കെ നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് മത്സരിച്ചത്. എനിക്കാണെങ്കിൽ നാട്ടിലെ ഒരു മാഷിന്‍റെ സഹായം മാത്രമാണ് ഉണ്ടായിരുന്നത്. ഞാൻ തനിയെ പഠിച്ചതാണ്. സമ്മാനം കിട്ടിയപ്പോൾ എനിക്കു സന്തോഷം തോന്നി. എട്ടാം ക്ലാസ് വരെ മോണോ ആക്ട് ചെയ്തു.

കുട്ടിക്കാലത്ത് വല്ലപ്പോഴും മാത്രമാണ് തിയേറ്ററിൽ പോയി സിനിമ കണ്ടിരുന്നത്. വർഷത്തിലൊരിക്കലോ മറ്റോ. പക്ഷേ ടിവിയിൽ കാണും. ഞാൻ കുഞ്ഞായിരിക്കുന്പോൾ കണ്ട സിനിമ നേരറിയാൻ സിബിഐ ആണ്. എനിക്ക് ഓർമയില്ല കേട്ടോ. ഞാൻ കൈക്കുഞ്ഞായിരുന്നു. അമ്മ പറഞ്ഞിട്ടുള്ളതാണ്. എന്‍റെ ഓർമയിലുള്ള സിനിമ എൽസമ്മ എന്ന ആണ്‍കുട്ടിയാണ്’- അനശ്വര രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *