ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊന്നു; പ്രതികൾ കൗമാരക്കാരെന്ന് ആശുപത്രിയിലെ ജീവനക്കാർ

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ജെയ്റ്റ്പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 2 മാസം തികയും മുൻപാണു മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത്.

ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, 2 കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. തലേദിവസം രാത്രി ഈ കൗമാരക്കാരന് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നതാണ്. മുറിവ് വൃത്തിയാക്കിയ ശേഷം, കൗമാരക്കാർ കുറിപ്പടി വേണമെന്നു പറഞ്ഞ് ഡോ. ജാവേദ് അക്തറിന്റെ മുറിയിലേക്കു പോയി.

മിനിറ്റുകൾക്കുള്ളിൽ, നഴ്‌സിങ് സ്റ്റാഫ് ഗജല പർവീണും കമീലും വെടിയൊച്ച കേട്ടു. അവർ ഡോക്ടറുടെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ തലയിൽനിന്നു രക്തം വാർന്നു ജാവേദ് കിടക്കുന്നതാണു കണ്ടത്. പ്രതികളെന്നു സംശയിക്കപ്പെടുന്നവർക്ക് 16-17 വയസ്സ് പ്രായം വരുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ആസൂത്രണം ചെയ്തുള്ള കൊലപാതകമാണിതെന്നും തലേദിവസം രാത്രി പ്രതികൾ സന്ദർശിച്ചതു സ്ഥലപരിശോധനയ്ക്ക് ആയിരിക്കാമെന്നും പൊലീസ് സൂചിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *