‘ദംഗൽ’ 2000 കോടിയിലേറെ വരുമാനം നേടി, എന്നാൽ ഞങ്ങൾക്ക് ലഭിച്ചത് ഒരു കോടി; ബബിത ഫോഗട്ട്

ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിതാരങ്ങളാണ് ഗീത ഫൊഗട്ടും ബബിത കുമാരി ഫൊഗട്ടും. ഇവരുടെയും കർക്കശക്കാരനായ അച്ഛൻ മഹാവീർ ഫൊഗട്ടിന്റെയും ജീവിതകഥ അഭപ്രാളിയിൽ പകർത്തിയ സിനിമയാണ് ദംഗൽ. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ആമീർ ഖാനാണ് മാഹാവീർ ഫോഗട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. വെറും 70 കോടി മുതൽ മുടക്കിൽ ഒരുക്കിയ ദംഗൽ 2000 കോടിയിലേറെയാണ് ബോക്സ് ഓഫീസിൽ നിന്ന് വരുമാനം നേടിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോഡും ദംഗൽ സ്വന്തമാക്കി.

എന്നാൽ, ദംഗലിൽനിന്ന് തങ്ങൾക്ക് ലഭിച്ചത് ഒരു കോടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻഗുസ്തിതാരവും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ട്. ഒരു അഭിമുഖത്തിലായിരുന്നു ബബിതയുടെ പ്രതികരണം. സിനിമ 2000 കോടി നേടിയപ്പോൾ യഥാർഥ ജീവിതത്തിലെ മഹാവീർ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകൻ ചോദിച്ചു. ഊഹിക്കാൻ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, അല്ല ഒരു കോടി എന്നതായിരുന്നു ബബിതയുടെ മറുപടി. ഇത് കേട്ട് അവതാരകൻ ഞെട്ടുന്നതും കാണാം. ചിത്രത്തിൽ സാന്യാ മൽഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്. ബബിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അന്തരിച്ച നടി സുഹാനി ഭഗ്‌നാകറാണ്.

ഇതേ സമയം ഗുസ്തിതാരങ്ങളുടെ സമരത്തിനുപിന്നിൽ ബബിത ഫോഗട്ടെന്ന് ഒളിമ്പിക് വെങ്കലമെഡൽജേതാവ് സാക്ഷി മാലികിന്റെ ആരോപണം വലിയ ചർച്ചയാവുകയാണ്. ബബിതയ്ക്ക് ഗുസ്തി ഫെഡറേഷൻ സ്ഥാനത്തെത്താൻവേണ്ടിയായിരുന്നു ബ്രിജ് ഭൂഷണ് എതിരായ സമരം ആസൂത്രണംചെയ്തതെന്നും സാക്ഷി മാലിക് ആരോപിച്ചു. വിറ്റ്നെസ് (സാക്ഷി) എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സമരംനടത്താൻ ആദ്യം സമീപിച്ചത് ബബിത ഫോഗട്ടാണെന്നും അതിനുപിന്നിൽ അവർക്ക് രഹസ്യ അജൻഡകളുണ്ടായിരുന്നെന്നും സാക്ഷി കുറ്റപ്പെടുത്തി.

കോൺഗ്രസാണ് സമരത്തിനുപിന്നിലെന്നായിരുന്നു ആരോപണങ്ങൾ. എന്നാൽ, ബബിത ഫോഗട്ട്, ടിരത് റാണ എന്നീ ബി.ജെ.പി. നേതാക്കൾ ചേർന്നാണ് പ്രതിഷേധിക്കാനുള്ള സൗകര്യമുണ്ടാക്കിത്തന്നതെന്നും സാക്ഷി പറഞ്ഞു. തങ്ങളെ മുൻനിർത്തി അവർ രാഷ്ട്രീയം കളിക്കുകയായിരുന്നു. തങ്ങൾക്കൊപ്പം പോരാട്ടത്തിൽ ബബിത പങ്കാളിയാകുമെന്നാണ് കരുതിയതെന്നും സാക്ഷി മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *