‘ഒടുവിൽ ഉണ്ണികൃഷ്ണൻ അടികൊണ്ട് നിലത്തുവീണു, അദ്ദേഹത്തിന്റെ ഹൃദയം തകർന്നു; രഞ്ജിത്ത് ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്‌റഫ്

മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരുപാട് സംവിധായകൻമാരുണ്ട്. എന്നാൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ തന്റെ വില തന്നെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് നടനും സംവിധായകവുമായ ആലപ്പി അഷ്‌റഫ് യൂട്യൂബ് ചാനലിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ രഞ്ജിത്തിനെക്കുറിച്ചുളള അനുഭവങ്ങളാണ് ഇത്തവണ അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്.

‘കുറച്ച് ചിത്രങ്ങൾ എടുത്ത് വിജയിച്ച ചിലർ അവരുടെ സ്വഭാവ പരിണാമം മൂലം മലയാളികളുടെ മനസിൽ വെറുക്കപ്പെട്ടവരായി മാറിയിരിക്കുന്നു. സംവിധായകൻ രഞ്ജിത്തിനെക്കുറിച്ചാണ് പറയുന്നത്. വർഷങ്ങൾക്ക് മുൻപാണ് ഞാൻ രഞ്ജിത്തിനെ മദ്രാസിൽ വച്ച് കാണുന്നത്. വിനയമുളള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. എല്ലാവരോടും ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. മ​റ്റുളളവരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ഒരിക്കലും ആശ്രയിച്ചിട്ടില്ല. അങ്ങനെ മ​റ്റുളളവർക്ക് അസൂയ തോന്നും വിധം അദ്ദേഹം മലയാള സിനിമയിൽ ഉയർന്നുവന്നു.മോഹൻലാലിലെ നായകനെ കരുത്തനാക്കിയതിനുപിന്നിലെ ഏതാനും ചിത്രങ്ങളാണ് ദേവാസുരം, ആറാംതമ്പുരാൻ, നരസിംഹം തുടങ്ങിയവ. അവയുടെ പിന്നിലും രഞ്ജിത്തായിരുന്നു. സിനിമയിൽ ഉയർന്നതോടെ അദ്ദേഹത്തിന്റെ സ്വഭാവവും മാറാൻ തുടങ്ങി. മ​റ്റുളളവരോട് പുച്ഛം മാത്രം. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാടായി. രഞ്ജിത്തിന്റെ ഇത്തരം വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും ആളുകളുണ്ടായിരുന്നു. അദ്ദേഹം പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയുമായിരുന്നില്ല.

സിനിമ ചെയ്യുന്നത് ഒരു ക്രൈമായിട്ടാണ് താൻ കാണുന്നതെന്ന് അയാൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അങ്ങനെ നിൽക്കുന്ന സമയത്താണ് അയാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സ്ഥാനമേൽക്കുന്നത്. ഒരു കാലത്ത് വേദികളിലേക്ക് നീണ്ട കൈയടികളോടെ രഞ്ജിത്തിനെ സ്വീകരിക്കാൻ തുടങ്ങിയ മലയാളികൾ പിന്നീട് കൂവിയാണ് അയാളെ വരവേറ്റത്. ചലച്ചിത്ര മേളയിൽ പ്രസംഗിച്ച സമയത്ത് കൂവിയ യുവാക്കളെ അദ്ദേഹം താരതമ്യം ചെയ്തത് തന്റെ വീട്ടിനടുത്തുളള തെരുവ് പട്ടികളോടാണ്. അന്ന് മുതൽ അദ്ദേഹത്തിന് ഓരോ പരാജയങ്ങൾ ഏ​റ്റുവാങ്ങേണ്ടി വന്നു. പിന്നാലെ അദ്ദേഹത്തിനെതിരെ അക്കാദമിയിൽ ശബ്ദമുയർന്നു. അപ്പോഴേയ്ക്കും രഞ്ജിത്തിന്റെ പേരിൽ പീഡനക്കേസ് വന്നു. അങ്ങനെ സർക്കാരും അദ്ദേഹത്തെ കൈവിട്ടു. ഇതൊക്കെ അനുഭവിക്കാൻ രഞ്ജിത്ത് ബാദ്ധ്യസ്ഥനാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അത് പങ്കുവയ്ക്കാം. ആറാംതമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ കുറച്ച് ദിവസം ഞാനുണ്ടായിരുന്നു. ഞാനതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം ഒടുവിൽ ഉണ്ണികൃഷ്ണൻ തിരക്കഥാകൃത്തായ രഞ്ജിത്തിനോട് ഒരു തമാശ പറഞ്ഞു. മദ്യപിച്ചിരുന്ന അയാൾ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചു. അടികൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ നിലത്ത് വീണു. പല രോഗങ്ങൾക്കും മരുന്ന് കഴിക്കുന്നയാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. നിറകണ്ണുകളോടെ നിൽക്കുന്ന ഒടുവിൽ ഉണ്ണികൃഷ്ണനെ കണ്ട് എല്ലാവരും പരിഭ്രമിച്ചു. പലരും അയാളെ വിമർശിച്ചെങ്കിലും അയാളത് ശ്രദ്ധിച്ചില്ല. പിന്നീടുളള ദിവസങ്ങളിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ വലിയ നിരാശയോടെയാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഹൃദയം തകർന്നു. അത് വലിയ പാപമായിരുന്നു’- അഷ്‌റഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *