മലയാള സിനിമയിലെ ചില താരങ്ങളുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും പല അഭിനേതാക്കളും അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി മുക്തയും ഈ വിഷയത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് മുക്ത നൽകിയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
2006ൽ തീയേറ്ററുകളിലെത്തിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്. അതിനുശേഷം വിശാൽ നായകനായ ‘താമിരഭരണി ‘ എന്ന തമിഴ് ചിത്രത്തിലാണ് മുക്ത അഭിനയിച്ചത്. താമിരഭരണിയിൽ ഗ്ലാമറസ് വേഷം ധരിച്ചതിന് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചാണ് താരം അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
‘സിനിമയിൽ വന്ന സമയത്ത് പലരും എന്നെ ജൂനിയർ നയൻതാര എന്നുവിളിച്ചിരുന്നു. അതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു. നയൻതാരയെ എനിക്ക് വളരെയധികം ഇഷ്ടമാണ്. പക്ഷെ ചില ഗോസിപ്പുകൾ കേൾക്കുമ്പോൾ സങ്കടമുണ്ടായിട്ടുണ്ട്. അതൊന്നും ഓർമിക്കാൻ ഇഷ്ടപ്പെടുന്നവയല്ല. സിനിമയിൽ ഗോസിപ്പുകൾ സാധാരണമാണ്.
അഡ്ജസ്റ്റ്മെന്റ് മലയാള സിനിമയിൽ മാത്രമല്ല. എല്ലാ ഭാഷയിലും ഉണ്ട്. സിനിമയിൽ ഞാൻ അഭിനയിച്ച് തുടങ്ങിയപ്പോൾ അമ്മയ്ക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം ഒരുകാലത്ത് സിനിമയിൽ അഭിനയിക്കുന്നവരെക്കുറിച്ച് ആളുകൾ പല മോശം കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ നിർബന്ധം കാരണമാണ് സിനിമയിൽ വന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം വരുമ്പോൾ ഗ്ലാമർ വേഷമാണോയെന്ന് അമ്മ ചോദിക്കാറുണ്ട്. അമ്മ അറിഞ്ഞിരുന്നെങ്കിൽ വിശാൽ നായകനായ താമിരഭരണി എന്ന ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയുമായിരുന്നില്ല.
സിനിമയിൽ തുടരണമെങ്കിൽ ഗ്ലാമർ വേഷങ്ങൾ ചെയ്താലേ പറ്റുളളൂ. അത് ചെയ്യണമോ, വേണ്ടേ എന്ന് തീരുമാനിക്കുന്നത് നടിമാരാണ്. താമിരഭരണിയിലെ പാട്ടുസീനിൽ അഭിനയിച്ചതിന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷെ ഒരു കുറ്റബോധവും തോന്നിയില്ല. അച്ഛനുറങ്ങാത്ത വീട് അഭിനയിച്ചപ്പോൾ ഒരു ചെറിയ അവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. പക്ഷെ താമിരഭരണിയിൽ അഭിനയിച്ചതിന് ഒരുപാട് ആളുകൾ പ്രശംസിച്ചു. സിനിമയിൽ നിൽക്കണമെങ്കിൽ അഡ്ജസ്റ്റ്മെന്റ് വേണം. അത് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഈ പ്രശ്നം കൂടുതലും നേരിടുന്നത് സിനിമയിലേക്ക് ആദ്യമായി എത്തുന്ന ആളുകളാണ്. അങ്ങനെയായിരുന്നെങ്കിൽ എനിക്ക് തമിഴിലും തെലുങ്കിലും ഒരുപാട് അവസരങ്ങൾ കിട്ടുമായിരുന്നു’- മുക്ത പറഞ്ഞു.