ലുക്കിനെ കളിയാക്കി കപിൽ ശർമ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍, പ്രശസ്ത സംവിധായകൻ അറ്റ്ലീയോടുള്ള കപിൽ ശർമയുടെ തമാശ കളി കാര്യമാക്കി. ബോളിവുഡിലെ ഇപ്പോഴും നിലനിൽക്കുന്ന, നിറവും സൗന്ദര്യവുമാണ് താരങ്ങൾക്ക് സിനിമയിൽ മുഖം കാണിക്കാനുള്ള മാനദണ്ഡം എന്ന ധാരണയിൽ നിന്നും പിറന്ന ഒരു ചോദ്യമാണ് വിമർശനങ്ങൾക്ക് കാരണമായത്. എപ്പിസോഡിനിടെ കപിൽ അറ്റ്ലിയുടെ രൂപത്തെക്കുറിച്ച് ഒരു പരിഹാസ പരാമർശം നടത്തി. ‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?’ എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. അറ്റ്ലിയുടെ ഇരുണ്ട നിറത്തെ കളിയാക്കുകയായിരുന്നു കപിൽ. എന്നാൽ, ഒട്ടും ദേഷ്യപ്പെടാതെ അറ്റ്ലി തിരിച്ചടിച്ചു.

‘നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം തരാം. എആർ മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു, എന്‍റെ രൂപം ഒന്നും അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്,’ എന്നായിരുന്നു അറ്റ്ലി മറുപടി നൽകിയത്.

വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കപിലിന്‍റെ ബോഡി ഷെയിമിങ്ങിന് അറ്റ്ലീയുടെ ഹൃദയം കവരുന്ന മറുപടി. കപിലിന്റെ ചോദ്യത്തിനെതിരെ വലിയ തോതിലാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദ ഉൾപ്പടെയുള്ളവർ സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘കോമഡിയുടെ പേരിൽ എത്രനാൾ നിറത്തെ പരിഹസിക്കും? കപില്‍ ശര്‍മയെ പോലെയുള്ള ഒരാള്‍ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്’ എന്നാണ് ചിന്മയി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മറ്റ് ആരാധകരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *