ഐറ്റം സോങിൽ അഭിനയിക്കുക, സ്ത്രീകളുടെ പൊക്കിളിൽ നുള്ളുക; ഇതിനൊന്നും ഞാൻ തയ്യാറല്ല; സിദ്ധാർത്ഥ്

നിലപാടുകൾ വെട്ടിത്തുറന്ന് പറയാനും പ്രവർത്തിക്കാനും ഒട്ടും മടി കാണിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സിദ്ധാർത്ഥ്. പലപ്പോഴും തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെച്ചതിന്റെ പേരിൽ വിവാദങ്ങളിൽ പെടുകയും വിമർശനങ്ങൾ നേരിടുകയും ചെയ്യേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് സിദ്ധാർത്ഥ്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീകൾ എന്ന വിഷയത്തിൽ ഹൈദരാബാദില്‍ നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുത്ത് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സ്ത്രീകളുടെ പൊക്കിളിൽ നുള്ളിയും മർദ്ദിച്ചും പെരുമാറുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും അത്തരം കഥകളുമായി ആളുകൾ സമീപിക്കുമ്പോൾ ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളതെന്നും സിദ്ധാർത്ഥ് പറയുന്നു. ഐറ്റം സോങുകളിൽ അഭിനയിക്കുന്നതിനോടുള്ള അതൃപ്തിയും സിദ്ധാർത്ഥ് വെളിപ്പെടുത്തി.

സ്ത്രീകളെ മര്‍ദിക്കുന്നത്, അവരുടെ പൊക്കിളില്‍ നുള്ളുന്നത്, പെണ്ണിനോട് നീ ഇങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കുന്ന മനോഭാവത്തോടെ പെരുമാറുന്നത്, ഐറ്റം പാട്ടുകളില്‍ അഭിനയിക്കുന്നത് ഇതെല്ലാമാണ് ഒരു കമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമെന്ന് കരുതുന്നവരുണ്ട്. അത്തരം തിരക്കഥകള്‍ എന്നെ തേടിയെത്താറുണ്ട്. പക്ഷെ എനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്‍പര്യമില്ല.

ആ ലൈനില്‍ സിനിമകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ വലിയൊരു സ്റ്റാറായി മാറിയേനെ. പക്ഷെ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് ഞാന്‍ ഇതുവരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന് പലരും പറയാറുണ്ട്. എന്‍റെ മാതാപിതാക്കള്‍ക്ക് ഞാനൊരു നല്ല മകനാണ്. കുട്ടികള്‍ക്ക് മുന്നില്‍ ഞാന്‍ നല്ലൊരു വ്യക്തിയാണ്. അവര്‍ക്ക് സ്നേഹം തോന്നുന്നയാള്‍. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. കോടികള്‍ കയ്യില്‍‌ കിട്ടിയാലും ആ അനുഭൂതി ലഭിക്കില്ല. എന്‍റെ ചുറ്റുമുള്ളവരെല്ലാം ദേഷ്യത്തോടെ പെരുമാറുന്നതാണ് കാണുന്നത്. ആണുങ്ങള്‍ക്ക് വേദനയില്ല, വിഷമമില്ല, കരയില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷെ സ്ക്രീനില്‍ കരഞ്ഞ് അഭിനയിക്കാന്‍ കഴിയുന്നുവെന്നത് തന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണെന്നുമാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *