ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് 'റോബോകോപ്' പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്‌കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ ഇവ റൈഡ് ചെയ്യുന്നത് എന്നിങ്ങനെ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തും.
300 ദിർഹം വരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ദുബൈ പൊലീസിന് വിവരങ്ങൾ പങ്കുവെക്കുകയും വിലയിരുത്തൽ നടത്തുകയും ചെയ്യുന്ന രീതിയിലാണ് റോബോട്ടിലെ സംവിധാനം. എന്നാൽ പരീക്ഷണയോട്ടം നടത്തുന്ന ഒരു മാസം പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് റോബോട്ടിക്സ്, അഡ്വാൻസ്ഡ് ടെക്നിക്കൽ സിസ്റ്റം പ്രൊവൈഡറായ 'ടെർമിനസ്' കമ്പനിയാണ് റോബോട്ട് വികസിപ്പിച്ചത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടിന് അടിയന്തരഘട്ടങ്ങളിൽ സഹായത്തിന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ നിലവിൽ കൂടെയുണ്ട്. ജുമൈറ ബീച്ചിലെ വാക്കിങ് ആൻഡ് സൈക്ലിങ് ട്രാക്കിൻറെ 600 മീറ്റർ നീളത്തിലാണ് നിലവിൽ റോബോട്ട് പരിശോധന നടത്തുന്നത്.
85 ശതമാനത്തിലധികം കൃത്യതയോടെ നിയമ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കൻഡുകൾക്കുള്ളിൽ ഡേറ്റ കൈമാറാനും റോബോട്ടിന് കഴിയും. രണ്ട് കി.മീ വരെ നിരീക്ഷണ സംവിധാനം ഇതിലുണ്ട്. വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. 1.5 മീറ്ററിനുള്ളിൽ ഏതെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ തിരിച്ചറിഞ്ഞാൽ റോബോട്ട് സഞ്ചരിക്കുന്നത് നിർത്തും. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായാണിത്. പരീക്ഷണ ഓട്ടത്തിലൂടെ സംവിധാനത്തിൻറെ കാര്യക്ഷമതയും ഭാവിയിൽ വിപുലമായ നടപ്പാക്കലിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുകയാണ് ദുബൈ അധികൃതരുടെ ലക്ഷ്യം. പരീക്ഷണം ആരംഭിക്കുന്നതിനായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും ടെർമിനസ് കമ്പനിയും ഫെബ്രുവരിയിൽ കരാർ ഒപ്പുവെച്ചിരുന്നു.